ലോക കലാമേളയിൽ സാന്നിധ്യമറിയിച്ച് ഡാവിഞ്ചി സുരേഷും
text_fieldsശൈഖ് മുഹമ്മദിന്‍റെ ചിത്രത്തിന് മുന്നിൽ ഡാവിഞ്ചി സുരേഷും അമീർ അഹ്മദും
ദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കലാസൃഷ്ടികൾ സംഗമിക്കുന്ന വേൾഡ് ആർട്ട് ദുബൈയിൽ സാന്നിധ്യമറിയിച്ച് ഡാവിഞ്ചി സുരേഷ്. നിരവധി കലാസൃഷ്ടികളിലൂടെ കേരളത്തിനകത്തും പുറത്തും സാന്നിധ്യമറിയിച്ച സുരേഷ് എട്ട് കലാവിസ്മയങ്ങളുമായാണ് ആർട്ട് ദുബൈയിൽ എത്തിയിരിക്കുന്നത്. മേളയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന ചുരുക്കം കലാകാരന്മാരിൽ ഒരാളാണ് ഈ കൊടുങ്ങല്ലൂരുകാരൻ. ആർട്ട് ദുബൈ ഇന്ന് സമാപിക്കും.
ബട്ടൺ ഉപയോഗിച്ച് തയാറാക്കിയ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ചിത്രമാണ് ഏറ്റവും ശ്രദ്ധേയം. നാലുമാസം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ സൃഷ്ടി പൂർത്തീകരിച്ചത്. ബട്ടൺ ആർട്ട്, നൈഫ് പെയിന്‍റിങ്, ഷോബട്ടൺ ആർട്ട് തുടങ്ങി വ്യത്യസ്ത രീതികളിലൂടെയാണ് ഈ ചിത്രങ്ങൾ തയാറാക്കിയത്. ദുബൈ ആസ്ഥാനമായ സ്റ്റാർട്ട് അപ് ഡോട് കോം ഇൻക്യുബേറ്ററിൽ ആർട്ട് റെസിഡൻസി ചെയ്യുന്ന ഡാവിഞ്ചി സുരേഷ് നാലു മാസമായി ഇവിടെയുണ്ട്. നാട്ടുകാരനും ദുബൈ സംരംഭകനുമായ മണപ്പാട്ട് അമീർ അഹ്മദാണ് സുരേഷിന്‍റെ കഴിവുകളെ സ്റ്റാർട്ട് അപ് ഡോട് കോം വഴി ലോകത്തിന് മുന്നിലെത്തിക്കാൻ ശ്രമിക്കുന്നത്. വിവിധ മീഡിയങ്ങളിലുള്ള നാലു ചിത്രങ്ങളും നാലു ഇൻസ്റ്റലേഷൻ ശില്പങ്ങളുമാണ് ഡാവിഞ്ചി സുരേഷിന്‍റേതായി ഇത്തവണ പ്രദർശിപ്പിക്കപ്പെടുന്നത്. വിദേശത്ത് നടക്കുന്ന തന്‍റെ ആദ്യ പ്രദർശനമാണ് സ്റ്റാർട്ട് അപ് ഡോട് കോം വഴി സാധ്യമാകുന്നതെന്ന് സുരേഷ് പറഞ്ഞു.
50ൽ അധികം രാജ്യങ്ങളിലെ നാലായിരത്തിൽപരം സൃഷ്ടികൾ പ്രദർശനത്തിനെത്തിക്കുന്ന മേളയാണ് വേൾഡ് ആർട്ട് ദുബൈ. ഫോട്ടോഗ്രഫിയും ചിത്രരചനയും ഡൂഡ്ൽ ആർട്ടും ഡിജിറ്റൽ ചിത്രങ്ങളുമെല്ലാം ഇവിടെയെത്തിയാൽ കാണാം. ലോകോത്തര ചിത്രകാരന്മാരാണ് ഇതിൽ പങ്കെടുക്കുന്നത്. ചിത്രരചനയെക്കുറിച്ച് പഠിക്കാൻ താൽപര്യമുള്ളവർക്ക് ശിൽപശാല ഉൾപ്പെടെ ഇവിടെ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

