ഓടുന്ന വാഹനത്തിൽ നൃത്തം; രണ്ട് ആഡംബര കാറുകൾ പിടിച്ചെടുത്തു
text_fieldsറോഡിൽ അഭ്യാസപ്രകടനം നടത്തിയ കാർ പൊലീസ് പിടിച്ചെടുക്കുന്നു
ദുബൈ: സാമൂഹിക മാധ്യമങ്ങളിൽ പ്രശസ്തി നേടുന്നതിന് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർമാരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്. നഗരത്തിലെ പൊതു റോഡിലാണ് ഓടിക്കൊണ്ടിരിക്കെ വാഹനത്തിൽ കയറി നൃത്തം ചെയ്ത സംഭവമുണ്ടായത്.
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന് പകർത്തിയ വീഡിയോ ദൃശ്യങ്ങളിലെ രണ്ട് വാഹനങ്ങളും പിടിച്ചെടുത്ത അധികൃതർ, അഭ്യാസപ്രകടനം നടത്തിയവർക്ക് 50,000ദിർഹം വീതം പിഴയും ചുമത്തി. ഇവർ പകർത്തിയ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഓടിക്കൊണ്ടിരിക്കെ കാറിന്‍റെ ബോണറ്റിൽ കയറി നൃത്തം ചെയ്യുന്നതാണ് വീഡിയോകളിലുള്ളത്. ഇത്തരം അപകടകരമായ സ്വാഭാവം ഡ്രൈവർമാരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രി. ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു.
ഇത് ട്രാഫിക് നിയമത്തിന്‍റെ വൃക്തമായ ലംഘനമാണെന്നും ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു റോഡുകൾ അഭ്യാസപ്രകടനത്തിനുള്ളതല്ല. ഓൺലൈനിൽ ഇത്തരം സ്വഭാവങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതരമായ നിയമലംഘനം നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്താൽ തിരികെ ലഭിക്കാൻ നിയമപ്രകാരം 50,000ദിർഹം അടക്കണം. അപകടകരവും സംശയാസ്പദവുമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ വഴിയോ അടിയന്തരമല്ലാത്ത കാര്യങ്ങൾക്കുള്ള 901 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

