ദിത്വ ചുഴലിക്കാറ്റ്: ശ്രീലങ്കക്ക് ലുലു ഗ്രൂപ്പിന്റെ ലക്ഷം ഡോളർ സഹായം
text_fieldsയു.എ.ഇയിലെ ശ്രീലങ്കൻ അംബാസഡർ അരുഷ കൊറേയ്ക്ക്
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഒരു ലക്ഷം
ഡോളറിന്റെ ചെക്ക് കൈമാറുന്നു
അബൂദബി: ദിത്വ ചുഴലിക്കാറ്റിലും പ്രളയത്തിലും കനത്ത നാശനഷ്ടമുണ്ടായ ശ്രീലങ്കക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്. ദുരിതാശ്വാസ സഹായമായി 3.2 കോടി ശ്രീലങ്കൻ രൂപ (ലക്ഷം ഡോളർ) നൽകി. അബൂദബിയിലെ ശ്രീലങ്കൻ എംബസിയിൽ യു.എ.ഇയിലെ ശ്രീലങ്കൻ അംബാസഡർ അരുഷ കൊറേയ്ക്ക് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഒരു ലക്ഷം ഡോളറിന്റെ ചെക്ക് കൈമാറി.
ദുരിതം അനുഭവിക്കുന്ന ശ്രീലങ്കൻ ജനതയുടെ പുനരധിവാസത്തിനായുള്ള ദുരിതാശ്വാസ ഫണ്ടിലേക്കാണ് സഹായം. ശ്രീലങ്കയുടെ പുനരധിവാസത്തിനായി എല്ലാവിധ പിന്തുണയും ഉറപ്പുനൽകുന്നുവെന്ന് ശ്രീലങ്കൻ അംബാസഡർ അരുഷ കൊറേയെ എം.എ. യൂസുഫലി അറിയിച്ചു.
പ്രകൃതി ദുരിതത്തിൽ വിറങ്ങലിച്ച് പോയ മനുഷ്യരുടെ ജീവിതത്തിൽ അർഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാൻ എം.എ. യൂസുഫലിയുടെ സഹായം കരുത്തേകുമെന്നും മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സമീപനമെന്നും യു.എ.ഇയിലെ ശ്രീലങ്കൻ അംബാസഡർ അരുഷ കൊറേ വ്യക്തമാക്കി. കനത്ത നാശനഷ്ടമുണ്ടായ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യ, യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രീലങ്കക്ക് സഹായം ഉറപ്പ് നൽകിയിരുന്നു. മരുന്ന്, അവശ്യവസ്തുക്കൾ, കുടിവെള്ളം അടക്കമുള്ളവ പൂർണതോതിൽ ലഭ്യമാക്കാൻ സുസജ്ജമായ പ്രവർത്തനങ്ങളും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

