സൈക്ലിങ് വെറും കളിയല്ല
text_fieldsസൈക്ലിങിന്റെ നാടാണ് യു.എ.ഇ. ഏത് എമിറേറ്റിലെത്തിയാലും സൈക്കിൾ ചവിട്ടാനുള്ള ഇടമുണ്ടാകും. ദുബൈ, അബൂദബി ഉൾപെടെയുള്ള എമിറേറ്റുകളിൽ നെടുനീളൻ ട്രാക്കുകളും നിർമിച്ചിട്ടുണ്ട്. സൈക്ലിസ്റ്റുകൾക്കായി പ്രത്യേക നിയമം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തിഹാദ് മ്യൂസിയം മുതൽ ദുബൈ മറീന വരെ 520 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ് ദുബൈയിലെ സൈക്കിൾ പാത. 2026ഓടെ ട്രാക്കിന്റെ നീളം 739 കിലോമീറ്ററാവും. ആരോഗ്യ സംരക്ഷണം മാത്രമല്ല, ഇന്ധന ലാഭവും പരിസ്ഥിതി സംരക്ഷണവും കൂടി ലക്ഷ്യമിട്ടാണ് ദുബൈ സൈക്കിളിനെ പ്രോൽസാഹിപ്പിക്കുന്നത്. ഏതൊരു മെട്രോ സ്റ്റേഷനിൽ എത്തിയാലും സൈക്കിൾ വാടകക്ക് ലഭിക്കും. കൊച്ചു കുട്ടികൾ മുതൽ അതി സാഹസികർക്ക് വരെ മലകൾ കയറിയിറങ്ങാനും സൈക്ലിങ് പരിശീലനം നടത്താനുമുള്ള മുഷ്രിഫ് പാർക്ക് പോലുള്ള മൗണ്ടയ്ൻ ബൈക്ക് ട്രയൽ കേന്ദ്രങ്ങളും ഇവിടെയുണ്ട്. സ്വന്തമായി സൈക്കിളില്ലെങ്കിലും വിഷമിക്കേണ്ട, ഇവിടെയെത്തിയാൽ വാടകക്ക് സൈക്കിൾ കിട്ടും. സൈക്കിൾ മാത്രമല്ല, ഹെൽമറ്റ് മുതൽ എല്ലാ സുരക്ഷ ഉപകരണങ്ങളും ഇവിടെ വാടകക്ക് ലഭിക്കും. ഇത്രയധികം സൗകര്യങ്ങളുണ്ടായിട്ടും നിങ്ങൾ സൈക്കിളിനോട് മുഖം തിരിഞ്ഞ് നിൽക്കുകയാണോ ?. എങ്കിൽ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ആരോഗ്യമുള്ള ശരീരത്തെയാണ്.
ഗുണങ്ങൾ
അമിത വണ്ണം കുറക്കാൻ ഏറ്റവും മികച്ച വ്യായാമമാണ് സൈക്ലിങ്. മാത്രമല്ല, ഹൃദയാരോഗ്യം നിലനിർത്താനും സൈക്കിൾ സവാരി ഉപകരിക്കും. കാലിന്റെ മസിൽ, അരക്കെട്ട്, വയർ തുടങ്ങിയവയുടെ ഫിറ്റ്നസിലും സൈക്കിൾ ബെസ്റ്റാണ്. മണിക്കൂറിൽ ഏകദേശം 400 മുതൽ 1000 കലോറി വരെ എരിയിച്ച് കളയാൻ സൈക്കിൾ സവാരിക്ക് കഴിയും. ശാരീരിക പ്രകൃതം അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടേക്കാം.
സൈക്കിൾ ചവിട്ടുമ്പോൾ ഹാപ്പി ഹോർമോണുകൾ ഉദ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ശ്വാസോച്ഛ്വാസം വർധിക്കുകയും കൂടുതൽ ഓക്സിജൻ ശരീരത്തിലെത്തുകയും ഹൃദയത്തിലേക്ക് രക്തപ്രവാഹം വർധിക്കുകയും ചെയ്യുന്നതിനാൽ ഹൃദയാഘാത സാധ്യത കുറക്കാനും സൈക്ലിങ് ഉപകരിക്കും. സൈക്കിൾ ചവിട്ടുന്നവരുടെ സൗന്ദര്യം വർധിക്കുമെന്നും പറയുന്നുണ്ട്. ശരീരം ഫിറ്റാകുമ്പോൾ സ്വാഭാവികമായും സൗന്ദര്യവും വർധിക്കുമല്ലോ. ചെറിയ ഫേഷ്യൽ ചെയ്യുന്നതിന്റെ ഗുണം സൈക്കിൾ ചവിട്ടുമ്പോൾ മുഖസൗന്ദര്യത്തിനുണ്ടാകുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. രക്തയോട്ടം കൂടുമ്പോൾ പോഷകങ്ങൾ കൂടുതൽ എത്തുകയും കോശങ്ങൾ ഊർജസ്വലമാകുകയും ചർമത്തിന് യുവത്വം നൽകുകയും ചെയ്യും.
ശ്രദ്ധിക്കാൻ
സൈക്കിളിന്റെ തെരഞ്ഞെടുപ്പിൽ ഉൾപെടെ ശ്രദ്ധയുണ്ടാവണം. ഓരോരുത്തരുടെയും ശാരീരിക പ്രകൃതിക്ക് അനുസരിച്ചാണ് സൈക്കിൾ തെരഞ്ഞെടുക്കേണ്ടത്. ഉയരമാണ് പ്രധാനം. നമ്മുടെ ആവശ്യമെന്താണെന്ന് മനസിലാക്കിയായിരിക്കണം സൈക്കിൾ വാങ്ങേണ്ടത്. സാധാരണ ട്രാക്കിലൂടെ ഓടിക്കാനും മലനിരകളിലുടെ ഓടിക്കാനും പല തരം ടയറുകളുള്ള സൈക്കളുണ്ട്. മികച്ച നിലവാരത്തിലുള്ള സൈക്കിളുകൾ തന്നെ വാങ്ങുക. നമ്മുടെ ഉയരത്തിനനുസരിച്ച് സീറ്റ് ക്രമീകരിക്കണം. സൈക്കിളിൽ ഇരിക്കുന്ന രീതി പ്രധാനമാണ്. ഹെൽമെറ്റ്, സിഗ്നൽ അടക്കം സർക്കാരിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണം. നമ്മുടെ സുരക്ഷ ലക്ഷ്യമിട്ടാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. പാലിച്ചില്ലെങ്കിൽ പിഴ വീഴുമെന്ന് മാത്രമല്ല, അപകട സാധ്യതയുമുണ്ട്.
ഹൃദയമിടിപ്പ് ശ്രദ്ധിക്കണം. മടുത്ത് തളരുന്നത് വരെ സൈക്കിൾ ചവിട്ടരുത്. നമ്മുടെ ശേഷി മനസിലാക്കി വേണം റൈഡിനിറങ്ങാൻ. ഹൃദയസംബന്ധമായ അസുഖമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. ഡോക്ടറുമായി ചർച്ച ചെയ്ത ശേഷം മാത്രമെ സൈക്കിളിങ് തെരഞ്ഞെടുക്കാവൂ. വെള്ളം എപ്പോഴും കരുതണം. തുടക്കക്കാർ ആദ്യ ദിനം തന്നെ ദീർഘദൂര യാത്ര ചെയ്യരുത്. ഓരോ ദിവസം കഴിയുന്തോറും ദൂരം വർധിപ്പിക്കുന്നതാണ് നല്ലത്. രാത്രി യാത്രികർ സൈക്കിളിൽ ലൈറ്റുകളും മറ്റും സ്ഥാപിച്ചിരിക്കണം. ട്രാക്കിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ കാൽനട യാത്രക്കാരെ പരിഗണിക്കണം. സൈക്കിളിൽ ഒന്നിലധികം ആളുകൾ കയറരുത്. ബ്രേക്കുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

