എ.ഐ തട്ടിപ്പുകൾ കരുതിയിരിക്കണമെന്ന് സൈബര്‍ സുരക്ഷാ കൗണ്‍സില്‍
text_fieldsഅബൂദബി: നിര്‍മിത ബുദ്ധി(എ.ഐ)ഉപയോഗപ്പെടുത്തി നടത്തുന്ന തട്ടിപ്പുരീതികളെക്കുറിച്ച് ജാഗ്രതപാലിക്കണമെന്ന് യു.എ.ഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍. കൗണ്‍സില്‍ ആരംഭിച്ച സൈബര്‍ പള്‍സ് എന്ന പ്രതിവാര ബോധവത്കരണ കാമ്പയിന്റെ ഭാഗമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തട്ടിപ്പുരീതികളെ നിര്‍മിത ബുദ്ധി അടിസ്ഥാനപരമായി രൂപമാറ്റം വരുത്തിയിരിക്കുകയാണെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. മുമ്പ് ഒട്ടേറെ സമയം ആവശ്യമായിരുന്ന കാര്യങ്ങള്‍ ചെയ്യാനിപ്പോള്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം മതി. സൈബര്‍ തട്ടിപ്പുകള്‍ കണ്ടെത്തുന്നത് തന്നെ സങ്കീര്‍ണമാക്കിയിരിക്കുകയാണ് എ.ഐ സാങ്കേതികവിദ്യകളെന്നും അധികൃതര്‍ വ്യക്തമാക്കി.
യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന ശബ്ദ അനുകരണങ്ങളും കൃത്രിമ ലോഗോകളും മറ്റ് ഗ്രാഫിക്സുകളുമൊക്കെ തയ്യാറാക്കിയാണ് തട്ടിപ്പുകാര്‍ ഇരകളെ കബളിപ്പിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളുടെ മാതൃകയില്‍ വെബ്സൈറ്റുകള്‍ തയാറാക്കി ഇവയുടെ ലിങ്ക് അയച്ചുനല്‍കിയും തട്ടിപ്പ് നടത്തുന്നുണ്ട്.
ഇപ്പോള്‍ നടക്കുന്ന ഡിജിറ്റല്‍ തട്ടിപ്പുകളില്‍ 90 ശതമാനവും എ.ഐ അധിഷ്ഠിതമാണെന്നും കൗണ്‍സില്‍ പറയുന്നു. അതിനാല്‍ തന്നെ ഏതെങ്കിലും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തിപരമായ ഡാറ്റകള്‍ പങ്കുവെക്കുകയോ ചെയ്യുന്നതിനോ മുമ്പ് ജാഗ്രത പാലിക്കണമെന്നും കൗണ്‍സില്‍ ഉപദേശിച്ചു.
ആധികാരികത ഉറപ്പുവരുത്താത്ത ലിങ്കുകളെ അവഗണിക്കുക, സംശയകരമായ സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകള്‍ അല്ലെങ്കില്‍ ഭാഷാപരമായ പിഴവുകള്‍ എന്നിവ പരിശോധിക്കുക, ഔദ്യോഗിക ചാനലുകളിലൂടെയും അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മുഖേനയോ വിവരങ്ങള്‍ വെരിഫൈ ചെയ്യുക, മള്‍ട്ടിഫാക്ടര്‍ ഓതന്റിക്കേഷന് എനേബിള്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ സൈബര്‍ തട്ടിപ്പുകളില്‍ രക്ഷനേടാന്‍ സഹായിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

