സൈബര്‍ സുരക്ഷ; റാസൽഖൈമയിൽ ബോധവത്കരണം വിജയകരം
text_fieldsറാസല്‍ഖൈമ: ‘ഡിജിറ്റല്‍ ക്വാളിറ്റി ഓഫ് ലൈഫ്’ സംരംഭത്തിന് കീഴില്‍ റാസല്‍ഖൈമയില്‍ നടത്തിയ സംയോജിത ഡിജിറ്റല്‍ ബോധവത്കരണം ഫലപ്രദമെന്ന് അധികൃതര്‍.2023 മുതല്‍ 115ലേറെ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് റാക് പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. താരിഖ് മുഹമ്മദ് ബിന്‍ സെയ്ഫ് പറഞ്ഞു. സൈബര്‍ സ്പെയ്സില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മികച്ച ഡിജിറ്റല്‍ രീതികളെക്കുറിച്ച സുരക്ഷാ അവബോധം വളര്‍ത്തുന്നതിനുമുതകുന്ന വിഷയങ്ങളിലായിരുന്നു ചര്‍ച്ചകള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനും പോസിറ്റിവ് ഓണ്‍ലൈന്‍ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കാമ്പയിനുകള്‍ക്ക് കഴിഞ്ഞു.
ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ വരുംദിവസങ്ങളിലും തുടരും. സുരക്ഷയും സുരക്ഷാവബോധവും കാര്യക്ഷമമാക്കുന്ന യു.എ.ഇ വിഷന്‍ 2071നനുസൃതമായി രാജ്യസുരക്ഷക്ക് പിന്തുണ നല്‍കുന്നതാണ് ‘ഡിജിറ്റല്‍ ക്വാളിറ്റി ഓഫ് ലൈഫ്’ സംരംഭം. ഡിജിറ്റല്‍ ലോകത്തിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളോട് പ്രതികരിക്കുന്നതിനും അപകടസാധ്യതകളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാവശ്യമായ കഴിവുകള്‍, അറിവ്, സുരക്ഷാ രീതികള്‍ എന്നിവ ഉപയോഗിച്ച് സമൂഹത്തെ സജ്ജമാക്കുന്നതുമാണ് റാക് പൊലീസിന്‍െറ പ്രവര്‍ത്തനങ്ങള്‍.
കൃത്യവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപകാരപ്രദമായ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാകണം സമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍. അക്രമം, വിദ്വേഷം തുടങ്ങിയ ഉള്ളടക്കങ്ങള്‍ നിരുത്സാഹപ്പെടുത്തണം. ഇതിന് മുതിരുന്നവരെ നിയമത്തിനു മുന്നില്‍ ഹാജരാക്കുകയും കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുകയും വേണം. വ്യത്യസ്ത സമൂഹങ്ങള്‍ തമ്മിലും വെര്‍ച്വല്‍ കമ്യൂണിറ്റികളിലും സഹവര്‍ത്തിത്വ സംസ്കാരത്തിന് പ്രോത്സാഹനം നല്‍കുന്നതാകണം സൈബറിടങ്ങളെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

