സൈബർ സുരക്ഷയിൽ ജാഗ്രത മുന്നറിയിപ്പ്
text_fieldsദുബൈ: വീടുകളിലെ സുരക്ഷാ ക്യാമറകൾ ഉൾപ്പെടെയുള്ള സ്മാർട്ട് ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ഹാക്കിങ് ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സ്മാർട്ട് ഉപകരണങ്ങളിൽ കമ്പനി നൽകുന്ന ഡിഫോൾട്ട് പാസ്‌വേഡുകൾ മാറ്റണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ആഗോളതലത്തിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ സൈബർ ആക്രമണങ്ങൾക്കും ചാരവൃത്തിക്കും സാധ്യതയേറുന്നതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി മുന്നറിയിപ്പ് നൽകി. ഇത്തരം ഘട്ടങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മാർട്ട് ഉപകരണങ്ങൾക്ക് ഊഹിക്കാൻ പ്രയാസമുള്ളതും സങ്കീർണവുമായ ശക്തമായ പാസ്‌വേഡുകൾ നൽകണമെന്നതാണ് സുരക്ഷക്കായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന്. സുരക്ഷയുടെ രണ്ടാം ഘട്ടമായ ടു-ഫാക്ടർ ഓതന്റിക്കേഷൻ എല്ലാ ഉപകരണങ്ങളിലും സജീവമാക്കണം, എൻക്രിപ്റ്റ് ചെയ്തതും സുരക്ഷിതവുമായ ഇന്റർനെറ്റ് നെറ്റ്‌വർക്കുകളിൽ മാത്രം ഉപകരണങ്ങൾ കണക്ട് ചെയ്യുക, വൈഫൈ റൂട്ടറുകളും സ്മാർട്ട് ഉപകരണങ്ങളും കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുന്നത് ഹാക്കിങ് തടയാൻ സഹായിക്കും, ആവശ്യമില്ലാത്ത സമയങ്ങളിൽ ഉപകരണങ്ങൾ ദൂരത്തിരുന്ന് നിയന്ത്രിക്കാനുള്ള ‘റിമോട്ട് ആക്‌സസ്’ ഫീച്ചർ ഓഫ് ചെയ്യുക, സെക്യൂരിറ്റി ക്യാമറകൾ പോലുള്ള പ്രധാന ഉപകരണങ്ങളെ വീടിന്റെ പ്രധാന ഇന്റർനെറ്റ് ശൃംഖലയിൽ നിന്ന് മാറ്റി പ്രത്യേക നെറ്റ്‌വർക്കിൽ ക്രമീകരിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടതായി പറഞ്ഞിട്ടുള്ളത്.
സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് വഴി വ്യക്തിവിവരങ്ങൾ ചോരുന്നത് തടയാനും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാനും സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

