സൈബര്‍ തട്ടിപ്പ്; പാസ്വേഡുകൾ ശക്തമാക്കാൻ നിർദേശം
text_fieldsറാസല്‍ഖൈമ: ഡിജിറ്റല്‍ കുറ്റവാളികളില്‍നിന്ന് രക്ഷപ്പെടാന്‍ സൈബര്‍ ഇടങ്ങളില്‍ ശക്തമായ പാസ്വേഡ് ഉപയോഗിക്കണമെന്ന് റാക് പൊലീസ്. സൈബര്‍ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിർദേശം. ഡിജിറ്റല്‍ കുറ്റകൃത്യങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ആദ്യ പ്രതിരോധമാണ് ശക്തമായ പാസ്വേഡുകള്. ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിനും ഡേറ്റ ചോര്‍ച്ച തടയുന്നതിനും ശക്തമായ പാസ്വേഡുകള് സഹായിക്കും. പാസ്വേഡിന്റെ ശക്തി അതിന്റെ ദൈര്‍ഘ്യത്തിലും സങ്കീര്ണതയിലുമാണ്. കുറഞ്ഞത് 12 അക്ഷരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ അക്ഷരങ്ങള്‍, ചെറിയ അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ എന്നിവ സംയോജിപ്പിച്ച പാസ്വേഡുകള് ഉപയോഗിക്കുന്നതാണ് ഉചിതം. ഇത്തരത്തിലുള്ള പാസ്വേഡുകള് ‘ബ്രൂട്ട്-ഫോഴ്സ്’ ഹാക്കിങ് ശ്രമങ്ങളെ മന്ദഗതിയിലാക്കുമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. പാസ്വേഡുകളും ലോഗിന്‍ വിവരങ്ങളും തികച്ചും സ്വകാര്യമാക്കുന്നതിന് ജാഗ്രത പുലര്‍ത്തണം. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി സന്ദേശങ്ങളിലും ഇ-മെയിലുകളിലൂടെയും ലോഗിന്‍ വിവരം പങ്കുവെക്കാതിരിക്കണമെന്നും റാക് പൊലീസ് നിർദേശിക്കുന്നു. വെബ് സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കി മാത്രം അതില്‍ പ്രവേശിക്കുക.
വെബ് വിലാസങ്ങളില്‍ പ്രവേശിക്കുന്നതിനുമുമ്പ് സുരക്ഷ സൂചനകള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കുന്നത് സൈബര്‍ തട്ടിപ്പുകാര്‍ക്ക് തടയിടുന്നതിന് സഹായിക്കും. ഒന്നില്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകളില്‍ ഒരേ പാസ്വേഡ് ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം. ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ അതേ വിവരങ്ങള്‍ ഉപയോഗിച്ച് ഇ-മെയില്‍, ബാങ്കിങ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് കടന്നുകയറാന്‍ കുറ്റവാളികള്‍ ശ്രമിക്കാറുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. വിശ്വസനീയമായ പാസ്വേഡ് മാനേജര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ സുരക്ഷിത പാസ്വേഡുകള് കൈകാര്യം ചെയ്യുന്നതിന് സഹായിക്കും. ശക്തമായ പാസ്വേഡുകള് സൃഷ്ടിക്കുന്നതിനും സുരക്ഷിതമായി സൂക്ഷിച്ചുവെക്കുന്നതിനും പാസ്വേഡ് മാനേജര്‍ ആപ്പുകള്‍ ഉപകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

