സൈബർ ആക്രമണം; വീടുകളിൽ ജാഗ്രത വേണം
text_fieldsദുബൈ: വീടുകളിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ വഴി സൈബർ ആക്രമണമുണ്ടാകുന്നതിൽ ജാഗ്രത വേണമെന്ന് നിർദേശിച്ച് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. വീടുകളിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഉപകരണങ്ങളിൽ മുക്കാൽ പങ്കും സുരക്ഷിതമാക്കിയില്ലെങ്കിൽ ആക്രമണത്തിന് ഇരയാക്കപ്പെടാമെന്ന് മുന്നറിയിപ്പിൽ പറഞ്ഞു. വോയ്സ് അസിസ്റ്റൻസ്, നിരീക്ഷണ കാമറ സംവിധാനം, ഓട്ടോമേറ്റഡ് ലൈറ്റിങ്, കൂളിങ് സംവിധാനം എന്നിവ വളരെ കൂടുതലായി ഹാക്കർമാർ ലക്ഷ്യംവെക്കുന്നതായും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം സംവിധാനങ്ങളിൽ പലപ്പോഴും അടിസ്ഥാനപരമായ സുരക്ഷ മുൻകരുതൽ ഒഴിവാക്കുന്നതാണ് ഹാക്കർമാർ ഉപയോഗപ്പെടുത്തുന്നത്. വോയ്സ് അസിസ്റ്റൻസ് സ്ഥിരമായി ഇൻറർനെറ്റുമായി കണക്ട് ചെയ്തുവെക്കുക, സന്ദർശകർക്ക് വീട്ടിലെ വൈഫൈ പാസ്വേഡ് കൈമാറുക എന്നിവ വളരെ അപകടകരമായ പ്രവർത്തനങ്ങളാണ്. ഇത് ഹാക്കർമാർക്ക് ആക്രമണത്തിന് വാതിൽ തുറക്കുകയും ഡേറ്റ മോഷ്ടിക്കാനും വിദൂരത്തുനിന്ന് ഉപകരണങ്ങൾ നിയന്ത്രിക്കാൻ അവസരം നൽകുകയും ചെയ്യും. നിലവിൽ മിക്ക വീടുകളിലും ഉപയോഗിക്കുന്ന ബേബി മോണിറ്ററുകൾ വളരെയധികം ആക്രമണത്തിനിരയാകാൻ സാധ്യതയുള്ളതാണ്. സൈബർ നുഴഞ്ഞുകയറ്റക്കാർക്ക് ഇതുപയോഗിച്ച് സംഭാഷണങ്ങൾ രേഖപ്പെടുത്താനും വീടിനകത്തെ സഞ്ചാരം ട്രാക് ചെയ്യാനും ചിലപ്പോൾ കുട്ടികളുമായി നേരിട്ട് സംസാരിക്കാനും സാധിക്കും.
അപകടം ഒഴിവാക്കാൻ മൂന്ന് പ്രധാന കാര്യങ്ങളാണ് കൗൺസിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നത്. വളരെ പ്രത്യേകമായ ശക്തമായ പാസ്വേഡ് ഉപയോഗിക്കുക, ഉപകരണത്തിന്റെ സോഫ്റ്റ്വെയർ സ്ഥിരമായി അപ്ഡേറ്റ് ചെയ്യുക, ഒരു കേന്ദ്ര സംവിധാനം വഴി എല്ലാ സ്മാർട്ട് ഉപകരണങ്ങളും നിയന്ത്രിക്കുക എന്നിവയാണത്. അതോടൊപ്പം ഉപയോഗിക്കാത്ത സമയങ്ങളിൽ വോയ്സ് അസിസ്റ്റൻസ് ഓഫ് ചെയ്തുവെക്കാനും അനിവാര്യമല്ലാത്ത ഉപകരണങ്ങൾ ഇൻറർനെറ്റുമായി കണക്ട് ചെയ്തുവെക്കുന്നത് ഒഴിവാക്കാനും അധികൃതർ നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

