കസ്റ്റംസ് പിടിച്ച സ്വര്‍ണവും വജ്രവും ലേലം ചെയ്യും; റാക് കോടതി ഉത്തരവില്‍ മാര്‍ച്ച് മൂന്നിനാണ് ലേലം
text_fieldsറാസല്‍ഖൈമ: കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത സ്വര്‍ണവും വജ്രവും രത്നക്കല്ലുകളും പൊതുലേലത്തിലൂടെ വിറ്റഴിക്കണമെന്ന് റാസല്‍ഖൈമ കോടതി ഉത്തരവ്. നിയമ നടപടികളുടെ അവസാനഘട്ടമായ ലേലത്തിലൂടെ കസ്റ്റംസ് പിടിച്ചെടുത്ത സ്വത്തുക്കള്‍ വ്യാപാരയോഗ്യമായ മൂല്യവസ്തുക്കളായി മാറ്റുന്നതിനുള്ള നടപടിയുടെ ഭാഗമാണ് കോടതി ഉത്തരവ്. റാക് കസ്റ്റംസ് വകുപ്പിന്റെ സഹകരണത്തോടെ യൂനിഫൈഡ് കമ്മിറ്റി ഫോര്‍ ഓക്ഷന്‍സ് സംഘടിപ്പിക്കുന്ന ലേലം മാര്‍ച്ച് മൂന്നിന് ചൊവ്വാഴ്ച്ച ഉച്ചക്ക് 1.30ന് റാസല്‍ഖൈമ കോടതി ആസ്ഥാനത്ത് നടക്കും. കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്ത അസംസ്കൃത സ്വര്‍ണ പേസ്റ്റും വിപണിയില്‍ ഉയര്‍ന്ന മൂല്യമുള്ള അസംസ്കൃത രത്നക്കല്ലുകളും കോടതിക്ക് കൈമാറുകയായിരുന്നു.
നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് പൊതുവില്പനക്കുള്ള അനുമതി കോടതി പുറപ്പെടുവിച്ചത്. വിവിധ ഘട്ടങ്ങളിലായി നടന്ന സാങ്കേതിക നടപടികളിലൂടെയാണ് പിടിച്ചെടുത്ത വസ്തുവകകളുടെ വ്യക്തതയും വിപണി മൂല്യവും ഉറപ്പാക്കിയത്. എമിറേറ്റ്സ് മൈനിങ് ഫാക്ടറിയില്‍ സ്വര്‍ണത്തിന്റെ ശുദ്ധീകരണവും നടത്തി. ഏകദേശം 2,262 ഗ്രാമാണ് അസംസ്കൃത സ്വര്‍ണത്തിന്റെ ഭാരം. ഉരുക്കി ശുദ്ധീകരിച്ചതിന് ശേഷം നടത്തിയ ലബോറട്ടറി പിരോശധനയില് 99.99 ശതമാനം (24 ക്യാരറ്റ്) ശുദ്ധമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇന്‍വെസ്റ്റ്മെന്റ് ഗ്രേഡ് സ്വര്‍ണ ബാറായി മുദ്ര പതിപ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വര്‍ണ ബാറിനൊപ്പം സാക്ഷ്യപ്പെടുത്തിയ നിരവധി അസംസ്കൃത വജ്രങ്ങളും വിലയേറിയ രത്നക്കല്ലുകളും ലേലത്തില്‍ അവതരിപ്പിക്കും. ഓരോ ലോട്ടിനും കാറ്റലോഗ് നമ്പര്‍ നല്‍കിയാണ് ലേലത്തിന് സജ്ജമാക്കിയിട്ടുള്ളത്. കോടതി വിധികള്‍ നടപ്പാക്കുന്നതിനും പിടിച്ചെടുത്ത വസ്തുക്കള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സമ്പദ്വ്യവസ്ഥയിലേക്ക് തിരികെയത്തെുന്നതിനും ലേല നടപടികള്‍ സഹായിക്കും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

