നവീന സംവിധാനങ്ങളോടെ ദുബൈയിൽ ഉപഭോക്തൃ കേന്ദ്രങ്ങൾ
text_fieldsനവീകരിച്ച് തുറന്ന അൽ ബർഷയിലെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം
ദുബൈ: വലിയ നവീകരണപ്രവർത്തനങ്ങൾക്ക് ശേഷം ഉമ്മു റമൂലിലെയും അൽ ബർഷയിലെയും കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ വീണ്ടും തുറന്നു. വ്യക്തിഗത സേവനങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും സംയോജിപ്പിച്ച് ഹൈബ്രിഡ് സെന്‍ററുകളായി മാറ്റിയാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്. യു.എ.ഇ ഡിജിറ്റൽ ഗവ. സ്ട്രാറ്റജിയുടെയും ദുബൈ സർക്കാറിന്‍റെ ‘സർവീസസ് 360’ കാഴ്ചപ്പാടിന്‍റെയും അടിസ്ഥാനത്തിൽ ഡിജിറ്റർ സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.
നവീകരിച്ച കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾക്കൾക്ക് പൂർണമായും ഓട്ടോമാറ്റിക് സേവനങ്ങൾ ഡിജിറ്റൽ ഉപകരണങ്ങൾ വഴി ലഭിക്കും. ഡിജിറ്റൽ സേവനങ്ങളിൽ നിർമ്മിതബുദ്ധിയടക്കം സംവിധാനങ്ങൾ സംയോജിപ്പിച്ച് ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയാണ് ആർ.ടി.എ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
ഉപഭോക്തൃ സേവന കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കുന്നതാണ് നവീകരിച്ച രണ്ട് കേന്ദ്രങ്ങളിലുമൊരുക്കിയിരിക്കുന്ന സംവിധാനങ്ങളെന്നും സർക്കാർ സേവനങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച സ്മാർട് സിറ്റിയെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ഇത് ഉയർത്തുമെന്നും അദ്ദേഹം കൂടിച്ചേർത്തു. ഉപഭോക്താക്കളുടെ സന്തോഷവും പ്രതീക്ഷയിൽ കവിഞ്ഞ സേവനനിലവാരവുമാണ് ആർ.ടി.എയുടെ മുൻഗണനയെന്നും അടുത്ത വർഷത്തോടെ ദേര കസ്റ്റമർ ഹാപ്പിനസ് കേന്ദ്രവും ഹൈബ്രിഡ് സൗകര്യത്തിലേക്ക് മാറുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും, ഇടപാടുകൾ അതിവേഗത്തിൽ പൂർത്തിയാക്കാം, ഓരോരുത്തർക്കും സർവീസ് അഡ്വൈസർമാരുടെ വ്യക്തിഗതമായ സഹായം എന്നിവ പുതിയ കേന്ദ്രങ്ങളുടെ സവിശേഷതയാണ്. ആകെ 97സേവനങ്ങളാണ് ഈ കേന്ദ്രങ്ങളിൽ ലഭ്യമാവുക. നേരത്തെ 72സേവനങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. കഴിഞ വർഷം ഈ കേന്ദ്രങ്ങളിൽ നടന്ന ഇടപാടുകൾ 84,000ആയിരുന്നെങ്കിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതോടെ ഇടപാടുകളുടെ എണ്ണം ലക്ഷം പിന്നിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉമ്മുറമൂൽ കേന്ദ്രം മാസത്തിൽ ,350ലേറെ ഉപഭോക്താക്കൾക്ക് സാധാരണ പ്രവൃത്തി സമയത്തല്ലാതെ തന്നെ സേവനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

