കമോൺ കേരളക്ക് ഇന്ന് തിരശ്ശീല ഉയരും
text_fieldsഷാർജ: യു.എ.ഇയിലെ മലയാളി പ്രവാസികൾ നെഞ്ചോട് ചേർത്തുവെച്ച് വൻ വിജയമാക്കിയ ഗൾഫ് മാധ്യമം ‘കമോൺ കേരള’യുടെ ആറാം എഡിഷന് വെള്ളിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ തിരശ്ശീല ഉയരും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന മഹാമേളയിലേക്ക് യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി പതിനായിരങ്ങൾ ഒഴുകിയെത്തും.
സംസ്കാരവും വാണിജ്യവും വിനോദവും വിജ്ഞാനവും സമ്മേളിക്കുന്ന മേള രാവിലെ പത്തു മുതൽ രാത്രി 10 മണി വരെ നീണ്ടു നിൽക്കും. രണ്ടര ലക്ഷത്തോളം പേരാണ് അഞ്ചാം എഡിഷനിൽ സന്ദർശകരായി എത്തിയത്. ഇത്തവണ അത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകൂട്ടൽ. ജനസഞ്ചയത്തെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഷാർജ എക്സ്പോ സെന്ററിൽ പൂർത്തിയായിക്കഴിഞ്ഞു.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ ഖാസിമിയുടെ രക്ഷാകർതൃത്വത്തിനുകീഴിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
മൂന്നുദിവസവും നടക്കുന്ന ‘ലിറ്റിൽ ആർട്ടിസ്റ്റ്’ ചിത്രരചന മത്സരത്തിന് വൻ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. പ്രമുഖ സിനിമ താരങ്ങളായ നിവിൻ പോളിയും പാർവതി തിരുവോത്തും വ്യത്യസ്ത ദിവസങ്ങളിലായി കമോൺ കേരള വേദിയിലെത്തും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് ഉദ്ഘാടന പരിപാടി. ഇതിൽ യു.എ.ഇയിലെ പ്രമുഖർ പങ്കെടുക്കും.
ആദ്യ ദിനത്തിൽ പ്രധാന വേദിയിലെ ചടങ്ങിൽ ജലീൽ ക്യാഷ് ആൻഡ് കാരി ‘ദ പയനിയർസ് അവാർഡ്’, രണ്ടാം ദിനത്തിൽ ഇന്ത്യൻ-അറബ് വനിത പ്രതിഭകൾക്ക് ആദരമൊരുക്കുന്ന ഇന്തോ-അറബ് വിമൻ എക്സലൻസ് പുരസ്കാര ദാനം, മൂന്നാം ദിനത്തിൽ ‘അറേബ്യൻ ലജൻഡറി അച്ചീവ്മെന്റ് അവാർഡ്’ വിതരണം എന്നിവ നടക്കും.
സമാപന ദിവസമായ ജൂൺ ഒമ്പതിനാണ് പ്രമുഖർ പങ്കെടുക്കുന്ന ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

