അൽഐനിൽ ചരിത്രം പറയുന്ന ‘സാംസ്കാരിക പാത’ തുറന്നു
text_fieldsഅൽഐനിൽ തുറന്ന ‘സാംസ്കാരിക പാത’
അബൂദബി: പുതുതലമുറക്ക് യു.എ.ഇയുടെ ചരിത്രവും പൈതൃകവും പകർന്നുനൽകാനും ആസ്വദിക്കാനും ലക്ഷ്യമിട്ട് അല്‍ഐനിൽ പുതിയ ‘സാംസ്‌കാരിക പാത’ തുറന്നു. അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി അബൂദബി) ആണ് ചരിത്രപ്രസിദ്ധമായ അല്‍ഐന്‍ അല്‍ ജിമി, അല്‍ ഖത്തറ മരുപ്പച്ചകളെ നേരിട്ടറിയാൻ അവസരമൊരുക്കുന്ന ‘സാംസ്‌കാരിക പാത’ തുറന്നത്. ചരിത്ര, സാംസ്‌കാരിക പ്രാധാന്യം ലോകത്തെ അറിയിക്കുകയും അതുവഴി നഗരത്തെ യു.എ.ഇയിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായി മാറ്റുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അല്‍ഐനിനെ അടുത്തറിയാനും പുതിയ സംരംഭം സഹായിക്കും. സാംസ്‌കാരിക പാതയിലൂടെ യാത്രചെയ്യുന്നവര്‍ക്ക് നഗരത്തിന്‍റെ മനോഹരമായ ഭൂപ്രകൃതി, ചരിത്ര പ്രാധാന്യമുള്ള മസ്ജിദുകള്‍, താമസയിടങ്ങള്‍ എന്നിവയെ അറിയാനും സാധിക്കും.
1.4 കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയിലൂടെ യാത്രചെയ്യുമ്പോള്‍ അല്‍ഐന്‍ അല്‍ ജിമി മരുപ്രദേശത്തുള്ള അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ - ദഹേരിയുടെ വീട് ഉള്‍പ്പെടെ പുരാതന കെട്ടിടങ്ങളും പൗരാണിക അവശിഷ്ടങ്ങളും കാണാം. അബൂദബിയുടെ കലാ - സാംസ്‌കാരികയിടങ്ങള്‍ ആസ്വദിക്കാന്‍ പാകത്തിലാണ് പാത ഒരുക്കിയിരിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ കേന്ദ്രങ്ങളും സന്ദര്‍ശകര്‍ക്ക് നേരില്‍ കാണാന്‍ അവസരമൊരുക്കുന്നു. 2025ലെ ഗള്‍ഫ് ടൂറിസം തലസ്ഥാനമെന്ന നിലയില്‍ അല്‍ ഐനിന്‍റെ പദവിയെ കൂടുതലറിയാന്‍ സാംസ്‌കാരിക പാത ഉപകരിക്കും. വിവിധ സംരംഭങ്ങള്‍, ഭക്ഷണശാലകള്‍, വിപണികള്‍, ഈന്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും ലഭിക്കുന്ന കടകള്‍, ലൈബ്രറി, ഊദ്, ഡ്രംസ് ഉപകരണങ്ങളാല്‍ ഒരുക്കിയ അറബ് കലാ പ്രകടനങ്ങള്‍ എന്നിവയും ആസ്വദിക്കാം. രാവിലെ എട്ടുമണിമുതല്‍ രാത്രി 12 മണിവരെ സാംസ്‌കാരിക പാത സന്ദര്‍ശകര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

