സാംസ്കാരിക ആഘോഷങ്ങൾക്കും ഉച്ചകോടിക്കും വേദിയാകാൻ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി
text_fieldsദുബൈ: നവംബറിൽ വൈവിധ്യമായ പരിപാടികളൊരുക്കാൻ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി. സാംസ്കാരികം, സാഹിത്യം, കായികം, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ വിഭിന്ന മേഖലകളിലാണ് ഈ മാസം പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്.
നവംബർ 16, 17 തീയതികളിൽ ലൈബ്രറി സംഘടിപ്പിക്കുന്ന ‘ദുബൈ ഇന്‍റർനാഷനൽ ലൈബ്രറി ആൻഡ് പബ്ലിഷിങ് സമ്മിറ്റ്’ ആണ് ഈ മാസത്തെ പ്രധാന ആകർഷണം. ‘വിജ്ഞാന സ്ഥാപനങ്ങളുടെ ഭാവി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന മൂന്നാമത് ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുക്കും.
നവംബർ മൂന്നിന് ഫ്ലാഗ് ഡേ ആഘോഷങ്ങളോടെയാണ് ലൈബ്രറി പരിപാടികൾക്ക് തുടക്കമിടുന്നത്. അന്നുതന്നെ ജമാൽ അൽ ശെഹിയുടെ പുസ്തകച്ചർച്ചയുമുണ്ട്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നവംബർ ഒമ്പത് മുതൽ 21 വരെ ലൈബ്രറിയുടെ ഔട്ട്ഡോർ ഗാർഡനിൽ വിപുലമായ സ്പോർട്സ് ഫെസ്റ്റിവൽ നടക്കും.
നവംബർ 18 മുതൽ 21 വരെ ദുബൈ ഫ്യൂച്ചർ വീക്കിന്‍റെ ഭാഗമായി നടക്കുന്ന നാലാമത് ‘എമിറേറ്റ്സ് റോബോട്ടിക്സ് കോമ്പറ്റീഷനിൽ’ ലൈബ്രറികളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്ന സ്മാർട്ട് റോബോട്ടുകളുടെ രൂപകൽപനയുമായി ലൈബ്രറി പങ്കാളിയാകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.mbrl.ae എന്ന വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ സന്ദർശിക്കാം.

