ജോലി ചെയ്യുന്ന ഫാമിൽ കഞ്ചാവ് കൃഷി; രണ്ടുപേര്‍ പിടിയില്‍
text_fieldsഅബൂദബിയില്‍ കൃഷിയിടത്തില്‍ കഞ്ചാവ് നട്ടതിന് പിടിയിലായവര്‍
അബൂദബി: അബൂദബിയില്‍ സ്പോണ്‍സറുടെ ഫാമിൽ കഞ്ചാവ് കൃഷി ചെയ്തതിന് രണ്ടു പ്രവാസി തൊഴിലാളികൾ അറസ്റ്റില്‍. കൃഷിയിടത്തില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് അബൂദബി പൊലീസ് ഇരുവരെയും പിടികൂടിയത്. പ്രവാസികള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇരുവരും കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
14 കഞ്ചാവ് ചെടികളാണ് കൃഷിയിടത്തില്‍ ഉണ്ടായിരുന്നത്. കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിച്ചതിനും വിതരണം ചെയ്തതിനുമാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഉടമ കൃഷിയിടം സ്ഥിരമായി സന്ദര്‍ശിച്ചിരുന്നില്ലെന്നും ഇത് മുതലെടുത്ത് ഇരുവരും ചേര്‍ന്ന് കഞ്ചാവ് ചെടികള്‍ വളര്‍ത്തുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൃഷിയിടങ്ങളില്‍ ഇടക്കിടെ സന്ദര്‍ശിക്കണമെന്നും തൊഴിലാളികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഫാം ഉടമകളോട് ബ്രിഗേഡിയര്‍ ജനറല്‍ താഹിര്‍ ഗരീഫ് അല്‍ ധഹേരി ആവശ്യപ്പെട്ടു.
കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. എങ്കിൽ പോലും രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 2021ല്‍ മാത്രം അറസ്റ്റ് ചെയ്തത് 8428 പേരെയാണ്.
ആറുലക്ഷം മയക്കുമരുന്ന് ഗുളികകള്‍ (കാപ്തഗണ്‍ പില്‍സ്) കടത്തിയ നാലുപേരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തത് കുറച്ചുമാസങ്ങള്‍ക്കു മുമ്പാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നര ടണ്‍ ഹെറോയിന്‍ അബൂദബി പൊലീസ് പിടികൂടിയിരുന്നു. അയല്‍രാജ്യങ്ങളില്‍ നിന്ന് ഖലീഫ തുറമുഖത്തേക്ക് അയച്ച സംശയകരമായ ലഗേജ് ആന്റി നാര്‍കോട്ടിക്സ് സംഘം പരിശോധിച്ചാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മൃഗങ്ങള്‍ക്കുള്ള ഭക്ഷണ പാക്കറ്റിലാക്കിയായിരുന്നു മയക്കുമരുന്ന് കടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ 150 ദശലക്ഷം ദിര്‍ഹം വിലമതിക്കും. 2021ല്‍ മാത്രം അബൂദബി പൊലീസ് പിടികൂടിയത് വിപണിയില്‍ 1.2 ബില്യന്‍ ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്നാണ്. 2.6 ടണ്ണിലേറെ മയക്കുമരുന്നുകളും 1.4 മില്യന്‍ ഗുളികകളുമാണ് പിടിച്ചെടുത്തത്. 2021 സെപ്റ്റംബറില്‍ അബൂദബി പൊലീസ് 816 കിലോ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ രാജ്യക്കാരായ 142 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മയക്കുമരുന്ന് കേസില്‍ പിടിയിലാവുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ ജനുവരിയില്‍ മയക്കുമരുന്ന് വില്പനക്കാരായ രണ്ട് ഫിലിപ്പിനോ പൗരന്മാരെ അബൂദബി ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗം പൊതുജനങ്ങളുടെ സുരക്ഷയിലും ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലകളിലും പ്രതികൂലഫലം ഉണ്ടാക്കുമെന്നും രാജ്യത്തിന്റെ ഭാവിയെ തന്നെ തകര്‍ക്കുന്ന ഈ കടുത്ത അപകടത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കഠിനശ്രമങ്ങള്‍ അനിവാര്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

