ക്രൂസ് നിയന്ത്രണം നഷ്ടപ്പെട്ടു; വാഹനത്തെ രക്ഷപ്പെടുത്തി ഷാർജ പൊലീസ്
text_fieldsഷാർജ: റോഡിൽ 80 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കവെ ക്രൂസ് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി ഷാർജ പൊലീസ്. സാങ്കേതിക തകരാറിനെ തുടർന്നാണ് വാഹനത്തിന്‍റെ ക്രൂസ് കൺട്രോൾ നഷ്ടപ്പെട്ടത്. ഇതോടെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അഹമ്മദ് ബിൻ ഹദീദ് റൗണ്ട് എബൗട്ടിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് വാഹനം നീങ്ങുന്നതിനിടെയാണ് സംഭവം. ട്രാഫിക് പട്രോളിങ് വിഭാഗം മിനിറ്റുകൾക്കുള്ളിൽ ഇടപെട്ടതിനാൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 3.11ന് ഓപറേഷൻസ് റൂമിൽ ക്രൂയിസ് കൺട്രോൾ തകരാർ കാരണം നിയന്ത്രണം നഷ്ടപ്പെട്ടതായി ഡ്രൈവറുടെ കോൾ ലഭിക്കുകയായിരുന്നുവെന്ന് ഷാർജ പൊലീസിലെ പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലഫ്. കേണൽ ഡോ. മർസൂഖ് ഖൽഫാൻ അൽ നഖ്ബി പറഞ്ഞു. തുടർന്ന് അടുത്തുള്ള പട്രോൾ യൂനിറ്റ് ഉടൻ തന്നെ സ്ഥലത്തേക്ക് തിരിച്ചു. തുടർന്ന് പട്രോളിങ് വാഹനം അപകടത്തിൽപ്പെട്ട കാറിന് മുന്നിൽ സ്ഥിരമായ വേഗതയിൽ ഓടിക്കുകയും ശ്രദ്ധാപൂർവം ക്രമേണ വേഗത കുറക്കുകയും ക്രൂയിസ് കൺട്രോൾ പ്രവർത്തനരഹിതമാക്കുകയും ചെയ്യുകയായിരുന്നു.
കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചാണ് നടപടിക്രമം നടത്തിയത്. ഇതിലൂടെ ഡ്രൈവർക്കോ മറ്റ് റോഡ് ഉപയോക്താക്കൾക്കോ ഒരു അപകടവും ഉണ്ടാക്കാതെ വാഹനം സുരക്ഷിതമായി നിർത്താൻ സാധിച്ചു. ക്രൂയിസ് കൺട്രോൾ തകരാറുകൾ ഉണ്ടായാൽ വാഹനമോടിക്കുന്നവർ ശാന്തത പാലിക്കണമെന്നും സ്റ്റിയറിങ് വീലിന്റെ നിയന്ത്രണം നിലനിർത്തണമെന്നും അപകട മുന്നറിയിപ്പ് ലൈറ്റുകൾ തെളിയിച്ച് ക്രൂയിസ് കൺട്രോൾ ഓഫ് ചെയ്യാൻ ശ്രമിക്കണമെന്നും സാധ്യമെങ്കിൽ ഗിയർ ന്യൂട്രലിലേക്ക് മാറ്റണമെന്നും ഷാർജ പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

