യാത്രക്കാരുടെ തിരക്ക്; ഡി.എക്സ്.ബി പൂർണ സജ്ജം
text_fieldsദുബൈ: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെയും സന്ദർശകരുടെയും ഒഴുക്ക് വർധിച്ച സാഹചര്യത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ നടത്തിയ പരിശോധനാ സന്ദർശനത്തിന് പിന്നാലെ, വിമാനത്താവള സംവിധാനത്തിൽ പ്രവർത്തിക്കുന്ന എല്ലാ മുൻനിര സേവന സംഘങ്ങൾക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന് യാത്രക്കാരെ പ്രതിദിനം സ്വീകരിക്കുന്ന ദുബൈ വിമാനത്താവളങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ, യാത്രക്കാരെ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, സേവന നിലവാരം എന്നിവ അദ്ദേഹം വിശദമായി നിരീക്ഷിച്ചു. തിരക്കേറിയ ഉത്സവ സീസണിലും യാത്രക്കാർക്ക് വേഗത്തോടെയും സൗകര്യത്തോടെയും പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിൽ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി അദ്ദേഹം വിലയിരുത്തി.
ദുബൈ പൊലീസ്, ദുബൈ കസ്റ്റംസ്, ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി, ഇമിഗ്രേഷൻ വിഭാഗങ്ങൾ, വിമാനക്കമ്പനികളുടെ ജീവനക്കാർ എന്നിവ ഉൾപ്പെടുന്ന വിവിധ സർക്കാർ–സ്വകാര്യ പങ്കാളികളുടെ ശക്തമായ ഏകോപനമാണ് വിമാനത്താവളങ്ങളിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനം എന്നും അൽ മർറി വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളും ‘ഒറ്റ ടീം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുന്നതിന്‍റെ ഫലമായി യാത്രാനടപടികൾ കൂടുതൽ സുതാര്യവും വേഗത്തിലുമാകുന്നതോടൊപ്പം, യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്നതായും അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ട് നിയന്ത്രണ കൗണ്ടറുകളിലെ ഉദ്യോഗസ്ഥർ മുതൽ ദേശീയവും ഔദ്യോഗികവുമായ വിമാനക്കമ്പനികളിലെ ജീവനക്കാർ വരെയും, വിമാനത്താവളത്തിലെ ദുബൈ ടാക്സി ഡ്രൈവർമാർ വരെയും വ്യാപിക്കുന്ന സേവന ശൃംഖല ദുബൈയുടെ ആതിഥേയത്വത്തിന്‍റെ വ്യക്തമായ പ്രതിഫലനമാണ്. സന്ദർശകരെ സ്വീകരിക്കുന്നതിനായി അഹോരാത്രം പരിശ്രമിക്കുന്ന എല്ലാ മുൻനിര ജീവനക്കാരുടെയും അർപ്പണബോധവും പ്രൊഫഷണലിസവും പ്രത്യേകം അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും പരസ്പര പിന്തുണയും ശക്തിപ്പെടുത്തുന്ന ഈ പ്രവർത്തന മാതൃക, ദുബൈയുടെ ആഗോള പ്രതിച്ഛായ കൂടുതൽ ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നം. യാത്രക്കാർ എത്തിച്ചേരുന്ന നിമിഷം മുതൽ വിമാനത്താവളം വിട്ടുപോകുന്ന സമയം വരെയുള്ള ഓരോ ഘട്ടത്തിലും സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുക എന്നതാണ് എല്ലാ ടീമുകളുടെയും കൂട്ടായ ലക്ഷ്യം. ഈ ദൗത്യം വിജയകരമായി നടപ്പാക്കുന്നതിൽ പങ്കാളികളായ എല്ലാവർക്കും നന്ദിയും അഭിനന്ദനവും അദ്ദേഹം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

