ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്കിൽ വൻതിരക്ക്
text_fieldsഅബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെ ഇഫ്താർ
അബൂദബി: റമദാന് അവസാനദിനരാത്രങ്ങളിലേക്ക് കടന്നതോടെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെത്തുന്ന വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി അബൂദബി നഗര, ഗതാഗത വകുപ്പിലെ സംയോജിത ഗതാഗതകേന്ദ്രം. ഗതാഗതം സുഗമമാക്കാന്‍ കൂടുതല്‍ നിരീക്ഷണ, പരിശോധന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.
ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിന്റെ വടക്ക്, ദക്ഷിണ കവാടങ്ങളില്‍ പരിശോധകരുടെയും മേല്നോട്ടക്കാരുടെയും 33 അംഗ ടീമിനെ നിയമിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. റമദാനിലെ അവസാന പത്തുദിവസങ്ങളില്‍ സംയോജിത ഗതാഗതകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. പാര്‍ക്കിങ്, ഗതാഗത സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രാത്രി ഒമ്പതുമുതല്‍ പുലര്‍ച്ച രണ്ടുവരെ 43 പരിശോധകരെയും മേല്‍നോട്ടക്കാരെയും ഉള്‍പ്പെടുത്തി ടീമുകള്‍ വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പാര്‍ക്കിങ് മേഖലകളിലും ടെന്റുകളിലും നിയോഗിച്ചിരിക്കുന്ന പരിശോധകര് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചു വേണം ആരാധനക്കെത്തുന്നവരും വ്രതമനുഷ്ഠിക്കുന്നവരും ഇഫ്താര്‍, തറാവീഹ് നിസ്കാര കേന്ദ്രങ്ങളിലെത്തേണ്ടതെന്ന് കേന്ദ്രം അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി പ്രത്യേക പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ക്കായി മൊബൈല്‍ ഇലക്ട്രോണിക് ബോര്‍ഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ പെട്രോള്‍ സേവനവും വാഹനങ്ങള്‍ കെട്ടിവലിക്കുന്നതിനുള്ള സേവനവും ഏര്‍പ്പെടുത്തി. അവസാന പത്തിലെ തിരക്ക് കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്കായി നൂറിലേറെ ടാക്സി കാറുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

