ദുബൈയിൽ കാർ മോഷണം കുറഞ്ഞു; ജാഗ്രത കുറയരുതെന്ന് പൊലീസ്
text_fieldsദുബൈ: നഗരത്തിൽ കാർ മോഷണ നിരക്കിൽ കുറവ്. മോഷണം പോയ കാറുകളിൽ ഒമാനിലേക്ക് കടത്തിയവയിൽ ഭൂരിഭാഗവും കണ്ടെത്താനുമായി. എന്നിരിക്കിലും വാഹന ഉടമകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന ഉണർത്തലുമായി ദുബൈ പൊലീസ്. കഴിഞ്ഞ വർഷം 133 കാറുകളാണ് മോഷ്ടിക്കപ്പെട്ടത്. മുൻ വർഷത്തേക്കാൾ 58 ശതമാനം കുറവ്. ഏറെയും ഉടമകൾ ഒഴിവാക്കിയിട്ട വണ്ടികളായിരുന്നു, ഇക്കാര്യം അവർ പൊലീസിൽ അറിയിക്കാൻ പോലും വൈകി. കളവു ചെയ്ത കാറുകളിൽ പലതും ഒമാനിലേക്കാണ് കടത്തിയത്. എന്നാൽ യു.എ.ഇയിലെയും ഒമാനിലെയും പൊലീസ് സേനകൾ തമ്മിലെ സഹകരത്തിൽ കുറെയെണ്ണം കണ്ടെത്താനായെന്ന് കുറ്റാേന്വഷണ വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
മോഷണങ്ങൾ കുറക്കാൻ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ഉണർത്തി. അശ്രദ്ധമായോ താക്കോൽ എടുക്കാതെയോ വാഹനങ്ങൾ പാർക്കു ചെയ്തു പോവരുത്.
ബാങ്കിൽ നിന്ന് പണമിടപാടു നടത്തി പോകുന്ന ഉപഭോക്താക്കളും ഇരട്ടി ശ്രദ്ധ പുലർത്തണം. കൂടുതൽ തുകയുമായി പോകുന്നവർ ശ്രദ്ധയോടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതാണ് മോഷണങ്ങൾ കുറക്കാൻ സഹായകം. എന്തെങ്കിലും വസ്തുക്കൾ എറിഞ്ഞും അബദ്ധത്തിൽ എന്ന മട്ടിൽ വാഹനത്തിനു മുന്നിൽ ചാടിയും ശ്രദ്ധ തെറ്റിച്ച് മോഷണം നടത്തുന്ന രീതികൾ പല കള്ളൻമാരും സ്വീകരിക്കുന്നുണ്ടെന്നും ഇത്തരം തന്ത്രങ്ങളെ സൂക്ഷിക്കണമെന്നും അദ്ദേഹം ഒാർമപ്പെടുത്തി. ബാങ്കുകളുടെയോ എ.ടി.എമ്മിനോ അടുത്തായി സംശയാസ്പദ സാഹചര്യത്തിൽ ആളുകളെ കണ്ടെന്നാൽ ഉടനടി പൊലീസിന് വിവരം നൽകണമെന്നും മേജർ ജനറൽ അൽ മൻസൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
