ഒളിച്ചോടിയ ആയയെ വാട്സാപ്പിലൂടെ വിൽക്കാൻ ശ്രമം; നാല് പേർക്ക് അഞ്ച് വർഷം തടവ്
text_fieldsദുബൈ: ജോലി ഭാരം മൂലം ഒളിച്ചോടിയ വനിതയെ വിൽക്കാൻ ശ്രമിച്ച നാല് പേരെ അഞ്ച് വർഷം തടവിന് ദുബൈ കോടതി ശിക്ഷിച്ചു. 41 വയസുള്ള ഇന്തോനേഷ്യൻ വനിതയെ 5,500 ദിർഹം വിലയിട്ട് വാട്സാപ്പിലൂടെ വിൽക്കാനാണ് ഇവർ ശ്രമിച്ചത്. വിൽപനക്ക് ശ്രമിച്ച 25 ഉം 28 ഉം വയസുള്ള ബംഗ്ലാദേശ് സ്വദേശികളെയും ഇവരെ സഹായിച്ച 36 ഉം 31 ഉം വയസുള്ള മറ്റ് രണ്ട് ബംഗ്ലാദേശികളെയുമാണ് ശിക്ഷിച്ചത്. ഇവരോട് ഒരു ലക്ഷം ദിർഹം പിഴ അടക്കാനും നിർദേശിച്ചിട്ടുണ്ട്. ഇരയേയും പ്രതിളെയും നാടുകടത്തണമെന്നും ഉത്തരവിലുണ്ട്. അൽ മുറാഖാബാദ് പൊലീസ് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഇവരെ പിടികൂടിയത്.
ഇരയായ സ്ത്രീയെ ദുബൈ ഫൗണ്ടേഷൻ ഫോർ വുമൺ ആൻറ് ചിൽഡ്രെൻറ സംരക്ഷണയിൽ പാർപ്പിച്ചിരിക്കുകയാണ്. അബൂദബിയിൽ ഒരു സ്വദേശിയുടെ വീട്ടിൽ ആയയുടെ ജോലിക്കായി കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇവർ യു.എ.ഇയിലെത്തിയത്. ജോലി ഭാരം കുടിയപ്പോൾ അവിടെ നിന്ന് രക്ഷപെട്ടാൽ കൊള്ളാമെന്ന് ഇവർ പരിചയക്കാരിയായ ഒരു സ്ത്രീയോട് പറഞ്ഞതോടെയാണ് ദുരിതം തുടങ്ങുന്നത്. പരിചയക്കാരി മറ്റൊരു സ്ത്രീയെ പരിചയപ്പെടുത്തിക്കൊടുത്തു.
ഇൗ സ്ത്രീയാണ് 1500 ദിർഹം ശമ്പളത്തിന് താൽക്കാലിക ജോലിയുണ്ടെന്ന് പറഞ്ഞ് അനാശാസ്യ കേന്ദ്രം നടത്തുന്ന പ്രതികളുടെ അടുത്ത് എത്തിച്ചത്. ഇൗ സ്ത്രീയെ പൊലീസ് തെരയുകയാണ്. ഇന്തോനേഷ്യൻ വനിതയെ വിൽക്കാൻ ശ്രമം നടക്കുന്നതറിഞ്ഞ പൊലീസ് തന്ത്രപൂർവം പ്രതികളെ കുടുക്കുകയായിരുന്നു.
സ്ത്രീയുമായി പോകവെ കാർ തടഞ്ഞാണ് രണ്ട് പ്രതികളെ പിടികൂടിയത്. പൊലീസ് വളഞ്ഞപ്പോഴും താൻ വിൽക്കപ്പെടുകയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഇന്തോനേഷ്യൻ വനിത കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
