അതിവേഗ സെഞ്ച്വറിയുമായി ആസിഫ്
text_fieldsദുബൈ: നേപ്പാളിനെതിരായ ഏകദിനത്തിൽ അതിവേഗ സെഞ്ച്വറിയുമായി യു.എ.ഇ താരം ആസിഫ് ഖാൻ. 41 പന്തിലാണ് ആസിഫ് സെഞ്ച്വറി അടിച്ചെടുത്തത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയും ഗൾഫ് രാജ്യങ്ങളിലെ താരങ്ങളിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമാണിത്. ആസിഫിന്റെ വെടിക്കെട്ടിൽ യു.എ.ഇ 310 റൺസെടുത്തെങ്കിലും മത്സരം നേപ്പാൾ ജയിച്ചു.
നേപ്പാൾ 44 ഓവറിൽ ആറ് വിക്കറ്റിന് 269 എന്ന നിലയിൽ നിൽക്കുമ്പോൾ മഴയെത്തുകയായിരുന്നു. ഇതേ തുടർന്ന് ഡക്വർത്ത് ലൂയിസ് നിയമപ്രകാരം നേപ്പാൾ ഒമ്പത് റൺസിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അവസാന ഓവറുകളിലായിരുന്നു ആസിഫിന്റെ അഴിഞ്ഞാട്ടം. 11 സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. അവസാന അഞ്ച് ഓവറിൽ യു.എ.ഇ അടിച്ചുകൂട്ടിയ 89 റൺസിൽ 82ഉം ആസിഫിന്റെ ബാറ്റിൽ നിന്നായിരുന്നു.
138 പന്ത് നേരിട്ട് 94 റൺസെടുത്ത വൃഥ്യ അരവിന്ദിനെ കാഴ്ചക്കാരനാക്കിയാണ് ആസിഫ് അഴിഞ്ഞാടിയത്. ഏഴാമനായി ക്രീസിലെത്തിയ ആസിഫ് നേപ്പാളിന്റെ വണ്ടർ താരം സന്ദീപ് ലാമിച്ചാനെ എറിഞ്ഞ 49ാം ഓവറിൽ തുടർച്ചയായ നാല് സിക്സറും നേടി. പാകിസ്താൻ സ്വദേശിയാണ് ആസിഫ്. എ.ബി ഡിവില്യേഴ്സ് (31 പന്തിൽ സെഞ്ച്വറി), കൊറേ ആൻഡേഴ്സൺ (36 പന്ത്), ശാഹിദ് അഫ്രീദി (37 പന്ത്) എന്നിവരാണ് ആസിഫിന് മുന്നിലുള്ളത്. നേപ്പാളിലെ നിറ ഗാലറിക്ക് മുന്നിലായിരുന്നു ആസിഫിന്റെ പ്രകടനം.