‘നിർമിതബുദ്ധി വിദ്യാർഥികൾക്ക് ഗുണകരമാകും’
text_fieldsഷാർജ റീഡിങ് ഫെസ്റ്റിവലിൽ നടന്ന പാനൽ ചർച്ച
ഷാർജ: നിർമിത ബുദ്ധിയും മെഷീൻ ലേണിങ്ങും അടക്കമുള്ള നവീന സാങ്കേതികവിദ്യകൾ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്ക് കാരണമാകുമെന്നും വിദ്യാർഥികളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും വിദഗ്ധർ. ഷാർജ എക്സ്പോ സെന്ററിൽ പുരോഗമിക്കുന്ന ‘ഷാർജ റീഡിങ് ഫെസ്റ്റിവലിൽ’ നടന്ന പാനൽ ചർച്ചയിലാണ് വിദഗ്ധർ അഭിപ്രായം പങ്കുവെച്ചത്. ‘സ്വകാര്യ വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ: വ്യക്തിഗത പഠനത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗം’ എന്ന തലക്കെട്ടിലാണ് ചർച്ച നടന്നത്.
ആർട്ടിഫിഷൽ ഇന്റലിജൻസ് സ്കൂളുകളും സർവകലാശാലകളും പോലുള്ള പരമ്പരാഗത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇല്ലാതാക്കില്ലെന്നും പകരം ഈ സാങ്കേതികവിദ്യകൾ അധ്യാപകരെ കൂടുതൽ ഫലപ്രദമായ പഠനാനുഭവങ്ങൾ നൽകാൻ സഹായിക്കുമെന്നും പ്രമുഖ എ.ഐ ഗവേഷകനും പരിശീലകനുമായ യാസ്മിൻ അൽ റാവി പറഞ്ഞു.
സ്കൂളുകൾ കേവലം അക്കാദമിക് പരിശീലനത്തിന് മാത്രമല്ല, കഴിവുകളും സർഗാത്മകതയും വികസിപ്പിക്കുന്നതിനുള്ള വേദികളാകണമെന്ന് സെഷൻ മോഡറേറ്റ് ചെയ്ത ഡോ. മാനിയ സുവൈദ് പറഞ്ഞു.
കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഭാവി സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തണം. ഒരു അധ്യാപകന് ക്ലാസിലെ എല്ലാ വിദ്യാർഥികൾക്കും തുല്യമായ ശ്രദ്ധ നൽകാൻ കഴിഞ്ഞേക്കില്ല.
എന്നാൽ, അസൈൻമെന്റുകൾ ചെയ്യുമ്പോൾ വിദ്യാർഥികളുടെ പ്രതികരണങ്ങൾ നിരീക്ഷിക്കാനും തത്സമയ വിലയിരുത്തൽ നൽകാനും കഴിയുന്ന എ.ഐ സഹായത്തോടെയുള്ള ആപ്ലിക്കേഷനുകൾ തങ്ങളുടെ പക്കലുണ്ടെങ്കിൽ അത് വലിയ മാറ്റം കൊണ്ടുവരും -അവർ അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ ടെലിവിഷനും ഇന്റർനെറ്റും കടന്നുവന്നതുപോലെ, എ.ഐയുടെ കാര്യത്തിലും ഉത്തരവാദത്തോടെയും ധാർമികമായും സാങ്കേതികവിദ്യ ഉപയോഗിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും പാനലിസ്റ്റുകൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച കുട്ടികളുടെ വായനോത്സവം 12നാണ് സമാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

