നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരെയും മുതിർന്നവരെയും പരിഗണിക്കുന്നില്ലെന്ന് പരാതി
text_fieldsഅബൂദബി: ജോലിയും വരുമാനവുമില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അപേക്ഷ നൽകി കാത്തിരിക്കുന്നവരെ എംബസി അധികൃതർ പരിഗണിക്കുന്നില്ലെന്ന് പരാതി. 66കാരനായ നാദാപുരം സ്വദേശി അബ്ദുല്ല ഹാജി നാട്ടിലേക്ക് പോകുന്നതിന് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത വ്യക്തികളിലൊരാളാണ്. 40 വയസ്സിൽ താഴെയുള്ള നൂറുകണക്കിനാളുകളെ പരിഗണിക്കുമ്പോഴും തന്നെ പരിഗണിക്കാത്തതിെൻറ വേവലാതിയിലാണ് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹം.
ഇതിനിടയിൽ അത്യാസന്ന നിലയിലായ പിതാവ് അബ്ദുൽ റഹ്മാൻ ഹാജി നാട്ടിൽ മരിച്ചു. വാപ്പയുടെ ഖബറടക്കത്തിനെങ്കിലും നാട്ടിലെത്താൻ എംബസി അധികൃതരെ കാണാൻ പലവട്ടം നടത്തിയ ശ്രമവും പരാജയപ്പെട്ടു. അവസാനമായി പിതാവിനെ കാണാൻ കഴിയാതിരുന്ന വേദനയിൽ നൂറുകണക്കിന് വാട്സ്ആപ് മെസേജ് എംബസി ഉദ്യോഗസ്ഥർക്ക് എല്ലാ ദിവസവും അയക്കുന്നുണ്ടെങ്കിലും മെസേജ് വായിക്കുന്നതല്ലാതെ ഒരു മറുപടിയും അധികൃതരിൽനിന്ന് ലഭിക്കുന്നില്ലെന്നാണ് അബ്്ദുല്ല ഹാജി പറയുന്നത്.ഇതിനിടയിൽ 27ാം തീയതി നാട്ടിൽ പോകാനാവുമെന്നുള്ള അറിയിപ്പ് പെരുന്നാളിെൻറ തലേദിവസം എംബസി ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ചു. ഇതനുസരിച്ച് എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസിലെത്തി 228ാം നമ്പർ ടോക്കനെടുത്തു.
നൂറ്റമ്പതോളം പേരിലൊരാളായി രാവിലെ മുതൽ വൈകുന്നേരം വരെ കാത്തുനിന്നെങ്കിലും വൈകീട്ട് എംബസിയിൽ നിന്നെത്തിയ ലിസ്റ്റിൽ പേരില്ലാതെ തളർന്ന് അവശനായി സന്ധ്യയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിറ്റേന്ന് ഉച്ച മുതൽ വീണ്ടും എയർ ഇന്ത്യ ഓഫീസിൽ ടിക്കറ്റിനായി കാത്തു നിന്നെങ്കിലും അന്നത്തെ ലിസ്റ്റിലും ഈ 66കാരെൻറ പേരില്ലായിരുന്നു. അടുത്ത ദിവസം വീണ്ടും ഇന്ത്യൻ എംബസിയുടെ ഗേറ്റിനു മുന്നിലെത്തിയെങ്കിലും അകത്തേക്ക് കടക്കാൻ അനുവദിക്കാതെ പൊരിവെയിലിൽ കാത്തുനിന്ന് വീണ്ടും മടങ്ങി.
കോവിഡ് വ്യാപനത്തിനിടയിൽ സാമൂഹികം അകലം പാലിക്കേണ്ട സമയത്ത് ഒരു പ്രതീക്ഷയുമില്ലാതെ എയർ ഇന്ത്യ ഓഫിസിൽ കയറി ഇറങ്ങേണ്ടിവരുന്നതുതന്നെ കൂടുതൽ അപകടകരമായ അവസ്ഥയുണ്ടാക്കുന്നതായും അബ്ദുല്ല ഹാജി പറയുന്നു. എംബസിയിൽനിന്ന് പറഞ്ഞതനുസരിച്ച് നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയിൽ വിമാന ടിക്കറ്റെടുക്കാൻ തുടർച്ചയായി മൂന്നുദിവസം എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസിൽ പോയിട്ടും ഫലമില്ലെന്നുമാത്രമല്ല തിക്കിലും തിക്കിലും രോഗ ബാധിതനാവുമോയെന്ന ആശങ്കയിലാണെന്നും അബ്ദുല്ല ഹാജി ചൂണ്ടിക്കാട്ടുന്നു.
അബൂദബിയിൽ ദീർഘനാളായി കരാട്ടേ പരിശീലന ക്ലാസ് നടത്തുന്ന തൃശൂർ ചാവക്കാട് തിരുവത്ര ചിങ്ങനാത്ത് ബീരാൻ ഭാര്യ ഹൈറുന്നിസയെയും മകൾ മർവയെയും സന്ദർശക വിസയിൽ കൊണ്ടുവന്ന് നാട്ടിലേക്ക് തിരിച്ചയക്കാനിരിക്കുന്നതിനിടയിലാണ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ആരംഭിക്കുന്നത്. കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് കരാട്ടേ പരിശീലന ക്ലാസുകൾ മുടങ്ങിയതോടെ വരുമാനവും നിലച്ചു. അബൂദബിയിലെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ബീരാന് സ്വന്തം പ്രശ്നം വന്നപ്പോൾ നിസ്സഹായാവസ്ഥ നേരിടുന്ന സ്ഥിതിയാണിപ്പോൾ. കുടുംബത്തെ എത്രയും വേഗം നാട്ടിലെത്തിക്കേണ്ടതുണ്ടെന്ന് ബീരാൻ പറയുന്നു.അബൂദബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെൻററിൽ വർഷങ്ങളായി കരാട്ടേ പരിശീലനം നടത്തുന്ന ബീരാൻ കുടുംബത്തെ നാട്ടിലേക്ക് അയക്കാൻ എംബസിയിൽനിന്നു ലഭിച്ച അറിയിപ്പനുസരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റു വാങ്ങാൻ ചെല്ലുമ്പോൾ ലിസ്റ്റിൽ പേരില്ലാതെ രണ്ടു വട്ടമാണ് മടങ്ങേണ്ടി വന്നത്. കുടുംബ സമേതം ടിക്കറ്റെടുക്കാൻ ചെന്നപ്പോൾ ലിസ്റ്റിൽ പേരില്ലെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.