പുതിയ സുഹൃത്തുക്കളെ കിട്ടിയ കൊറോണക്കാലം
text_fieldsകോവിഡ് കാലം പലർക്കും പലതരത്തിലുള്ള അനുഭവങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. ചിലർക്ക് സൗഹൃദങ്ങൾ പോലും നഷ്ടമായി. പക്ഷേ, എെൻറ അനുഭവം നേരെ തിരിച്ചാണ്. ഇതുവെര കാണാത്ത സുഹൃത്തുക്കളെയും അവരുടെ പ്രാർഥനയും കിട്ടി എന്നതാണ് ഇൗ കൊറോണക്കാലത്ത് എനിക്കുണ്ടായ നേട്ടം.
18ന് വൈകുന്നേരമുള്ള വിമാനത്തിലാണ് ഞാൻ കേരളത്തിൽ എത്തിയത്. പെങ്ങളുടെ വീട്ടിലെ മുകളിലത്തെ നിലയിൽ എനിക്കുള്ള ‘അറ’ ഒരുങ്ങിയിട്ടുണ്ടെന്ന് നേരത്തേ അറിഞ്ഞിരുന്നു. എെൻറ വീട്ടിൽ പ്രായമായ ഉപ്പ, ഉമ്മ, ഉപ്പയുടെ ഉമ്മ എല്ലാം ഉള്ളതിനാലാണ് പെങ്ങളുടെ വീട്ടിലേക്ക് േപാകാൻ തീരുമാനിച്ചത്. രണ്ടാമത്തെ പെങ്ങളുടെ ഭർത്താവ് സകീർക്ക 16നാണ് നാട്ടിലെത്തിയത്. കണ്ണൂക്കരയിലുള്ള അവരുടെ വീട്ടിൽ നിന്ന് പെങ്ങളെയും കുട്ടികളെയും എെൻറ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. സകീർക്കയും സഹോദരൻ ഹനീഫിക്കായുമെല്ലാം എന്നെപ്പോലെ സെൽഫ് ക്വാറൻറീനിലാണ്.
ഭാര്യയെ അവളുടെ വീട്ടിലേക്കും പറഞ്ഞയച്ചു. 10 മാസം മുമ്പ് പിറന്ന മകനോടൊപ്പം 15 ദിവസം മാത്രമാണ് കഴിഞ്ഞത്. അവനെ കാണാനും ചേർത്തുപിടിക്കാനുമുള്ള ആഗ്രഹം പറഞ്ഞാൽ സങ്കടം വരും. വിമാനത്താവളത്തിൽ ഇറങ്ങിയ സമയം മുതൽ മുൻകരുതലെടുത്തിരുന്നു. വിളിക്കാൻ വന്ന ഭാര്യസഹോദരനോട് പോലും അധികം അടുത്തില്ല. വീട്ടിൽ എത്തിയത് രാത്രി ഒരു മണിക്ക്. എല്ലാവരോടും അകലം പാലിച്ച് മുകളിലത്തെ നിലയിലേക്ക് കയറി. പിന്നെ ഇന്നുവരെ താഴേക്കുള്ള പടി ഇറങ്ങിയിട്ടില്ല. പിറ്റേന്ന് രാവിലെ ആരോഗ്യവിഭാഗത്തിെൻറ നമ്പറിൽ വിളിച്ച് ദുബൈയിൽ നിന്ന് എത്തിയ കാര്യം റിപ്പോർട്ട് ചെയ്തു.
മൂന്ന് ദിവസം കഴിഞ്ഞാണ് ഞാൻ വന്ന വിമാനത്തിൽ (എസ്.ജി 54) ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിഞ്ഞത്. എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു സമയം ഇരുന്നു. ഒന്നും സംഭവിക്കില്ല എന്ന ധൈര്യത്തിൽ ഫാമിലി ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തു. ഇതോടെ കുടുംബക്കാർ വിളിച്ചു. കൈയും കാലും വിറക്കുന്നുവെന്ന് പെങ്ങളും ഭാര്യയും പറഞ്ഞു. ഒന്നുമുണ്ടാവില്ല എന്ന് ടൈപ് ചെയ്ത് ഉറങ്ങാൻ കിടന്നു. രാവിലെ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു.
കൂടെ ഉണ്ടായിരുന്നവർക്കെല്ലാം നെഗറ്റിവ് റിസൾട്ട് ആണെന്ന് വാട്സ്ആപ് മെസേജ് കണ്ടതോടെ എല്ലാവരുടെയും ശ്വാസം നേെരയായി. ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതുവരെ സുഹൃത്തുക്കൾ വരുമായിരുന്നു. താഴെയും മുറ്റത്തും നിന്ന് അവർ സംസാരിക്കും. മുകളിലിരുന്ന് ഞാൻ മറുപടിയും കൊടുക്കും. അഞ്ച് വർഷത്തിന് ശേഷം കണ്ടുമുട്ടിയ ചങ്ക് സുഹൃത്ത് ഷൈജലിന് കൈകൊടുക്കാൻ പോലും കഴിഞ്ഞില്ല. ബോറടി ഇല്ലാതിരിക്കാൻ ഇടക്കിടെ അവൻ ഫോൺ വിളിക്കും.
വാട്സ്ആപ്പിൽ ക്വാറൻറീൻ ഗ്രൂപ്പുണ്ടാക്കിയത് നേരംപോക്കായി. ദുബൈയിലും നാട്ടിലും റൂമിൽ വെറുതെ ഇരിക്കുന്ന സുഹൃത്തുക്കളെല്ലാമായി സംസാരിക്കും. ഭക്ഷണം കഴിക്കൽ വേറിെട്ടാരു അനുഭവം തന്നെയാണ്. ഭക്ഷണം കൊണ്ടുവെക്കുന്നത് സ്റ്റെപ്പിലാണ്. കഴിച്ചു കഴിഞ്ഞാൽ പാത്രം തിരികെ അവിടെ കൊണ്ടു വെക്കും. അവരോട് കൈ സോപ്പ് ഇട്ട് കഴുകാൻ പറയും. സുഹൃത്തുക്കളുമായി നേരിൽ കാണാൻ കഴിയാതെ വന്നപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പിന്നെ വിളികളായി. മെസേജായി. രണ്ട് ദിവസം ഫുൾ ബിസിയായി. ‘ഗൾഫ് മാധ്യമ’ത്തിെൻറ ക്വാറൻറീൻ കുറിപ്പ് കോളത്തിനെ പറ്റി പറഞ്ഞുതന്നതും എഫ്.ബി വഴി പരിചയപ്പെട്ട സുഹൃത്താണ്. അങ്ങനെ ഇതുവരെ കണ്ടിട്ടില്ലാത്ത കുറച്ചുപേരെ കൂട്ടുകാരായി കിട്ടി. ഒരുപാട് മനസ്സ് നിറച്ച പ്രാർഥനകൾ കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
