യു.എ.ഇയിൽ അണുവിമുക്ത പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
text_fieldsഅബൂദബി: കോവിഡ് -19 വൈറസ് വ്യാപനം തടയാൻ രാജ്യമൊട്ടാകെ ആരംഭിച്ച ദേശീയ അണുനാശിനി പദ്ധതി പുരോഗമിക്കുന്നു. പൗരന്മാരും താമസക്കാരുമുൾെപ്പടെ എല്ലാ വിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സമ്പൂർണ ആരോഗ്യസുരക്ഷ നിലനിർത്തുന്നതിനുള്ള അഭൂതപൂർവമായ പദ്ധതിയാണ് വ്യാഴാഴ്ച രാത്രിയോടെ രാജ്യത്ത് തുടങ്ങിയത്. മൂന്നു ദിവസങ്ങളിലായി രാത്രി എട്ടുമുതൽ രാവിലെ ആറുവരെയാണ് എമിറേറ്റുകളിലും അണുവിമുക്ത പ്രവൃത്തികൾ നടക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിൽ തുടർച്ചയായി നടത്തിയ അണുനശീകരണ പ്രവർത്തനങ്ങൾ പൊതുസ്ഥലങ്ങളിൽ ശനിയാഴ്ച രാത്രിയും തുടരും. ഞായറാഴ്ച രാവിലെ ആറുമണിയോടെ അവസാനിക്കുന്ന തരത്തിലാണ് ദേശീയ അണുമുക്ത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൊതുഗതാഗത ബസുകളും മെട്രോ സർവിസുകളും ഉൾപ്പെടെ പൊതു ഗതാഗത ചലനം പൂർണമായും നിയന്ത്രിച്ചാണ് രാജ്യത്തെ എല്ലാ മേഖലയിലും കൊറോണ വൈറസ് വ്യാപനത്തെ അതിജയിക്കാനുള്ള അണു വിമുക്ത ശുചീകരണ യജ്ഞം പുരോഗമിക്കുന്നത്.
സാമൂഹിക അകലം പാലിച്ചാണ് ജനങ്ങൾ എല്ലാവരുമായും ഇടപെടുന്നത്. സുരക്ഷാ മുൻകരുതലിൽ വിമുഖത കാണിച്ചാൽ വൈറസ് വ്യാപനം വേഗത്തിലാകും എന്ന അവബോധം കമ്പനികളിലും തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലും എത്തിക്കാൻ സാധിച്ചതും സാമൂഹിക അകലം പാലിക്കാൻ ഇടയാക്കി. സ്വന്തം വീട്ടിലോ, ജോലിസ്ഥലത്തോ, താമസ സ്ഥലത്തോ ഒരാൾ രോഗബാധിതനായാൽ വിലപ്പെട്ട ജീവന്ന് ഭീഷണിയാവും എന്നത് ഒട്ടേറെപ്പേരിൽ മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നു. ശാരീരിക പ്രശ്നങ്ങൾക്കൊപ്പം മാനസിക പ്രശ്നങ്ങളും പൊതു ജനങ്ങൾക്കിടയിൽ വർധിച്ചിട്ടുണ്ട്. ലോകത്തിലെ ഇരുനൂറിലധികം രാജ്യങ്ങളിൽനിന്നുള്ളവരാണ് യു.എ.ഇയിൽ ജോലിചെയ്യുന്നത്.
സ്വദേശികളെക്കാൾ വിദേശികൾ കൂടുതലുള്ള ഈ രാജ്യത്ത് രോഗപ്രതിരോധം മികച്ച നിലയിലാണ് നടക്കുന്നത്. യു.എ.ഇയിൽ കോവിഡ് രോഗത്തിൽ മരണപ്പെട്ടവരുടെ എണ്ണം മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. യു.എ.ഇയേക്കാൾ ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങളിൽ പോലും കൊറോണ വ്യാപനം വർധിക്കുന്നതായി കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
