എക്സ്പോയിലും ഗ്ലോബൽ വില്ലേജിലുമെത്തുന്നവർക്ക് കോവിഡ് മുന്നറിയിപ്പ് സന്ദേശം
text_fieldsദുബൈ: കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ദുബൈയിലെ താമസക്കാർക്ക് പൊലീസിന്റെ മുന്നറിയിപ്പ്. എക്സ്പോ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലേക്ക് വരുന്നവരുടെ ഫോൺ നമ്പറുകളിലേക്കാണ് പ്രധാനമായും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നത്. 'നിങ്ങളുടെ ക്ഷേമമാണ് ഞങ്ങളുടെ മുൻഗണന. നിങ്ങളുടെ സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ദയവായി എപ്പോഴും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ അണുമുക്തമാക്കുകയും ചെയ്യുക' എന്നാണ് സന്ദേശം. അടിയന്തര വിവരങ്ങൾ പങ്കുവെക്കേണ്ട അവസരങ്ങളിൽ കൂടുതൽ പേരിലേക്ക് വിവരങ്ങൾ എത്തിക്കാനാണ് പൊലീസ് ഇത്തരം മെസേജുകൾ അയക്കുന്നത്.
എക്സ്പോ, ഗ്ലോബൽ വില്ലേജ് സന്ദർശകരിലേക്ക് സന്ദേശമെത്തിക്കുന്നത് ഏറെ പേർക്ക് ഒരേസമയം കോവിഡ് മുൻകരുതൽ അറിയിപ്പ് നൽകാൻ ഉപകരിക്കും. എമിറേറ്റിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിച്ചേരുന്ന സ്ഥലങ്ങളെന്ന നിലയിലാണ് ഇവിടെ എത്തുന്നവർക്ക് സന്ദേശമയക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദം യു.എ.ഇയിൽ വർധിച്ചുവെങ്കിലും പൊതുപരിപാടികളും ചടങ്ങുകളും മാറ്റിവെക്കുന്ന സാഹചര്യം നിലവിലില്ല. ദുബൈയിൽ സ്കൂളുകളടക്കം നേരിട്ടാണ് പ്രവർത്തിക്കുന്നത്. അതേസമയം, കോവിഡുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ദേശീയ അടിയന്തര ദുരന്തനിവാരണ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

