രാജ്യത്തെ കോവിഡ് വാക്സിൻ ഡ്രൈവ്: അധ്യാപകരും ജീവനക്കാരും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണം
text_fieldsദുബൈ: കോവിഡിനെ പ്രതിരോധിക്കാൻ വൻ സന്നാഹങ്ങളൊരുക്കി രാജ്യം സംഘടിപ്പിക്കുന്ന കോവിഡ് വാക്സിൻ ഡ്രൈവിൽ അധ്യാപകരും സ്കൂൾ ജീവനക്കാരും വാക്സിൻ സ്വീകരിച്ച് പങ്കാളികളാകണമെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ചു. 2021 പാദവാർഷികം പിന്നിടുമ്പോൾ തന്നെ രാജ്യത്തെ ജനസംഖ്യയിലെ പകുതിപേർക്കും കോവിഡ് വാക്സിൻ നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മന്ത്രിയുടെ ആഹ്വാനം. ഇതിെൻറ ഭാഗമായി ഊർജിത ശ്രമങ്ങളാണ് നടന്നുവരുന്നത്.
തലസ്ഥാന നഗരിയായ അബൂദബിയിൽ വാക്സിൻ വിതരണത്തിനായി 97 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. മുൻകൂട്ടിയുള്ള ബുക്കിങ് ഇല്ലാതെ തന്നെ വിതരണ കേന്ദ്രങ്ങളിലെത്തി ആർക്കും വാക്സിൻ സ്വീകരിക്കാം.
18 വയസ്സും അതിൽ കൂടുതലുമുള്ള പൗരന്മാർക്കും താമസക്കാർക്കും എമിറേറ്റ്സ് ഐ.ഡിയുമായി കേന്ദ്രങ്ങളിൽ നേരിട്ടുചെന്ന് വാക്സിൻ സ്വീകരിക്കാം. അബൂദബി സിറ്റിയിൽ മാത്രം 34 ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണത്തിനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചിരിക്കുന്നത്. അൽ ഐൻ, അൽ ദഫ്റ മേഖലകളിലെ ആശുപത്രികൾ ഉൾപ്പെടെ കേന്ദ്രങ്ങളിലും മജ്ലിസുകളിലും വാക്സിൻ വിതരണം നടക്കുന്നുണ്ട്. രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാരും തൊഴിലാളികളും ഓരോ 14 ദിവസം പിന്നിടുമ്പോഴും പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന നിർദേശം അബൂദബിയിൽ പുറപ്പെടുവിച്ചിരുന്നു. ദുബൈയിൽ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും സർക്കാർ സ്ഥാപനങ്ങളുമായി കരാറുകളിലേർപ്പെട്ടിരിക്കുന്ന കമ്പനികളിലെ ജീവനക്കാരും രണ്ടാഴ്ചകൾ തോറും കോവിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്നാൽ, വാക്സിൻ സ്വീകരിച്ചവരെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
ദുബൈ ഉൾപ്പെടെയുള്ള മറ്റു എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വാക്സിൻ വിതരണം തുടങ്ങിയിരുന്നു. ഇതോടെ രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വാക്സിൻ വിതരണത്തിന് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയുടെ സമഗ്ര വിവരം മന്ത്രാലയം പുറത്തുവിട്ടു. മന്ത്രാലയം നിർദേശിച്ച സ്വകാര്യ ആശുപത്രികൾ വഴിയും വാക്സിൻ സ്വീകരിക്കാം. വാക്സിൻ സ്വീകരിക്കാനെത്തുന്നവർ എമിറേറ്റ്സ് ഐ.ഡി കരുതരണം. ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകളിലെ വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ വിവരങ്ങളും കഴിഞ്ഞദിവസം ലഭ്യമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

