കോവിഡ് വാക്സിൻ : ദുബൈ താമസക്കാരിൽ 64 ശതമാനം രണ്ടു ഡോസ് പൂർത്തിയാക്കി
text_fieldsദുബൈ: 23 ലക്ഷം ദുബൈ താമസക്കാർ കോവിഡ് വാക്സിെൻറ ഇരു ഡോസുകളും സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇത് ആകെ താമസക്കാരുടെ 64 ശതമാനമാണ്. 83 ശതമാനം പേരും വാക്സിൻ ഒരു ഡോസെങ്കിലും പൂർത്തിയാക്കിയെന്നും ദുബൈ ആരോഗ്യ വകുപ്പ് ഡെ. ഡയറക്ടർ ജനറൽ ഡോ. അലവി അൽ ശൈഖ് അലി വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ മുഴുവൻപേർക്കും വാക്സിൻ നൽകാനുള്ള പദ്ധതി വിജയിപ്പിക്കാനുള്ള പാതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായമേറിയവരിൽ 95 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു. യു.എ.ഇയിൽ 1.30 കോടി വാക്സിൻ നൽകി. നൂറുപേർക്ക് 139.38 ഡോസുകൾ എന്ന തോതിലാണ് വിതരണം പൂർത്തിയായത്.
വാക്സിൻ വിതരണത്തിൽ ലോകത്തെ ഏറ്റവും കൂടിയ നിരക്കാണിത്. നിലവിൽ കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരിൽ കൂടുതലും കുത്തിവെപ്പെടുക്കാത്തവരാണെന്ന് ഡോ. അലവി വ്യക്തമാക്കി. കോവിഡ് വരുന്ന പത്തിൽ എട്ടുപേരും വാക്സിൻ എടുക്കാത്തവരാണ്. ആശുപത്രിയിൽ ചികിത്സതേടുകയും ഐ.സി.യുവിൽ അഡ്മിറ്റാവുകയും ചെയ്യുന്നവരിൽ പത്തിൽ ഒമ്പതുപേരും വാക്സിൻ സ്വീകരിക്കാത്തവരാണ്. ഇതെല്ലാം വാക്സിൻ കോവിഡ് സാധ്യത കുറക്കുന്നുവെന്ന് തെളിയിക്കുന്നതായും ഡോ. അലവി വ്യക്തമാക്കി. നേരത്തെ അബൂദബി പൊതു ആരോഗ്യകേന്ദ്രം നടത്തിയ പഠനത്തിൽ യു.എ.ഇ തലസ്ഥാനത്ത് വാക്സിന് ശേഷം ആരും കോവിഡ്മൂലം മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
രണ്ടു ഡോസും സ്വീകരിച്ചവർക്ക് വളരെ കുറഞ്ഞ ശതമാനം രോഗസാധ്യത മാത്രമേയുള്ളൂവെന്നും പഠനം വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാൻ ആരോഗ്യവകുപ്പ് ശ്രമംതുടരുന്നത്. കുട്ടികളിലും വാക്സിൻ പരീക്ഷിച്ചശേഷം വിതരണം ചെയ്യാൻ നടപടി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

