കോവിഡ്: യു.എ.ഇയിൽ നിന്ന് മടങ്ങിയത് 3.2 ലക്ഷം വിദേശികൾ
text_fieldsഅബൂദബി: കോവിഡ് വ്യാപനം തുടങ്ങിയ ശേഷം 3.2 ലക്ഷത്തിലേറെ ആളുകൾ യു.എ.ഇയിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയതായി അധികൃതർ. 1,300ലേറെ പ്രത്യേക വിമാനങ്ങളിൽ ഓരോ രാജ്യത്തെയും ജനങ്ങളെ അവരുടെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടു പോകുന്നതിനുള്ള ഏകോപനത്തിന് വിദേശ അംബാസഡർമാരുമായും കോൺസുലേറ്റുകളുമായും ചേർന്ന് പ്രവർത്തിച്ചതായി യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. നാട്ടിലേക്ക് മടങ്ങിയവരിൽ നാലിലൊന്ന് ജനങ്ങളും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഏറ്റവും കൂടുതൽ വിദേശികളുള്ളതും ഇന്ത്യയിൽ നിന്നാണ്. അബൂദബിയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലും ദുബൈ കോൺസുലേറ്റിലുമായി മടക്കയാത്രക്ക് നാലര ലക്ഷത്തിലധികം ഇന്ത്യക്കാരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 90,000 ത്തോളം പേർ കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങിയിരുന്നു.
കോവിഡ് നിയന്ത്രിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ മാർച്ചിൽ വിമാന യാത്രയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. വിമാന യാത്ര നിർത്തിവച്ചതിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ 40,000 യു.എ.ഇ നിവാസികൾക്ക് ഇതുവരെ എമിറേറ്റിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. പകർച്ചവ്യാധിയെ തുടർന്ന് അവധിക്കും മറ്റുമായി പോയി വിദേശത്ത് കുടുങ്ങിയ 2,00,000 ജീവനക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ കഴിഞ്ഞമാസം മുതൽ യു.എ.ഇ അധികൃതർ ശക്തമാക്കി. ഇവരുടെ മടങ്ങിവരവ് ഈയാഴ്ച മുതൽ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
യു.എ.ഇയിലേക്കുള്ള വിമാനത്തിൽ മടങ്ങിവരുന്ന എല്ലാ താമസക്കാരും അവർ താമസിക്കുന്ന രാജ്യത്തെ അംഗീകൃത ലാബുകളിൽ കോവിഡ് പരിശോധന നടത്തണം. കോവിഡ് നിർമാർജനവുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ നടത്തിയ പോരാട്ടത്തിൽ യു.എ.ഇ സുപ്രധാന പങ്ക് വഹിക്കുകയും ഒട്ടേറെ രാജ്യങ്ങൾക്ക് ആവശ്യമായ വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 70 ലധികം രാജ്യങ്ങളിലേക്ക് യു.എ.ഇ റെഡ്ക്രെസൻറ് 1,000 ടണ്ണിലധികം മെഡിക്കൽ സാധന സാമഗ്രികളാണ് എത്തിച്ചത്. ലോകമെമ്പാടുമുള്ള പത്തു ലക്ഷത്തിലധികം മെഡിക്കൽ പ്രൊഫഷണലുകൾക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള പിന്തുണയും യു.എ.ഇ ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
