ഒമ്പത് പുതിയ കോവിഡ് പരിശോധന കേന്ദ്രങ്ങൾകൂടി തുറന്നു
text_fieldsദുബൈ: അബൂദബി ഹെൽത്ത് സർവിസസ് കമ്പനി (സെഹ) പുതിയ ഒമ്പത് സ്ക്രീനിങ് സെൻററുകൾ ആരംഭിച്ചു. ഇതോടെ അടുത്തയാഴ്ച മുതൽ രാജ്യത്തെ കൊറോണ വൈറസ് പരിശോധന ശേഷി 72 ശതമാനം വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള സൗകര്യങ്ങളിലെ പ്രവർത്തന സമയം വർധിപ്പിക്കുന്നതിനാൽ കൂടുതൽ പരിശോധനകൾ നടത്താൻ കഴിയും. സ്ക്രീനിങ് സെൻററുകൾ അൽ ഷംഖ, അൽ മദീന, അബൂദബിയിലെ കോർണിഷ്, അൽഐൻ സിറ്റിയിലെ അൽ ദാഹർ, ദുബൈയിലെ സിറ്റി വാക്ക് എന്നിവിടങ്ങളിലാണ് തുറന്നത്. സെഹ ഗ്രൂപ്പിെൻറതന്നെ ഭാഗമായ അൽ ദാഫ്റ ഹോസ്പിറ്റലുകൾ സില, മിർഫ, ലിവ എന്നിവിടങ്ങളിലും മൂന്ന് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. അബൂദബിയിലെയും അൽ ഐനിലെയും എല്ലാ കേന്ദ്രങ്ങളും ആഴ്ചയിൽ ആറുദിവസവും പ്രവർത്തിക്കും. നേരത്തെ അഞ്ച് ദിവസമായിരുന്നു തുറന്നുപ്രവർത്തിച്ചിരുന്നത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാെൻറ നിർദേശപ്രകാരം എല്ലാ എമിറാത്തികൾക്കും എമിറാത്തി കുടുംബങ്ങളിലെ വീട്ടുജോലിക്കാർക്കും കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന ഉറപ്പാക്കും. നിശ്ചയദാർഢ്യ വിഭാഗത്തിൽ പെടുന്നവർ, ഗർഭിണികൾ, 50 വയസ്സിനു മുകളിലുള്ള താമസക്കാർ, രോഗലക്ഷണങ്ങൾ കാണിക്കുന്നവർ അല്ലെങ്കിൽ പോസിറ്റിവ് കേസുകളുമായി സമ്പർക്കം പുലർത്തുന്നവർ എന്നിവരെ സൗജന്യമായി പരിശോധിക്കും. പരിശോധന നടത്തുന്നതിന് സെഹാ ആപ് വഴി 370 ദിർഹം ഫീസ് നൽകി അപേക്ഷിക്കണം.