കോവിഡ് പ്രതിരോധം: തൊഴിലാളികൾക്ക് സുരക്ഷ ഉപകരണങ്ങൾ നൽകി
text_fieldsഅബൂദബി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ, എമിറേറ്റ്സ് റെഡ് ക്രസൻറ് (ഇ.ആർ.സി), എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റി എന്നിവ സംയുക്തമായി തൊഴിലാളികൾക്ക് 1000 കെയർ പാക്കേജുകൾ വിതരണം ചെയ്യുന്നു. ടവലുകൾ, ലിക്വിഡ് സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ്, സാനിറ്റൈസർ, മാർഗനിർദേശ ഗൈഡുകൾ ഉൾപ്പെട്ട പാക്കേജാണ് നൽകുന്നത്.രാജ്യത്തിെൻറ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും അവിഭാജ്യഘടകമായ തൊഴിലാളികളുടെ ക്ഷേമത്തിന് യു.എ.ഇ എല്ലായ്പോഴും മുൻഗണന നൽകിയിട്ടുണ്ടെന്ന് സെഹ ആക്ടിങ് ഗ്രൂപ് ചീഫ് ഓപറേഷൻ ഓഫിസർ ഡോ. മർവാൻ അൽ കാബി ചൂണ്ടിക്കാട്ടി. യു.എ.ഇയിലെ ഓരോ പൗരനും താമസക്കാർക്കും കോവിഡ് പകർച്ചവ്യാധിയിൽനിന്ന് സ്വയരക്ഷക്ക് ആവശ്യമായ വിവരങ്ങളും ഉപകരണങ്ങളും പാക്കേജിൽ ലഭ്യമാണ്.
പരമാവധി ആളുകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കാനും ആവശ്യക്കാർക്ക് വൈദ്യസഹായം ഉറപ്പാക്കാനുമുള്ള യു.എ.ഇ സർക്കാർ ശ്രമത്തെ പിന്തുണച്ച് ദേശീയ സ്ക്രീനിങ് പ്രോജക്ടിെൻറ ഭാഗമായി മുസഫയിൽ സെഹ പുതിയ പരിശോധന സൗകര്യം ഏർപ്പെടുത്തി. അബൂദബിയുടെ കോവിഡ് പരിശോധന ശേഷി 80 ശതമാനം വർധിപ്പിക്കാൻ ഇതു സഹായകമായി.അബൂദബി ആരോഗ്യവകുപ്പ്, മറ്റു പങ്കാളികൾ എന്നിവരുമായി സഹകരിച്ച് നടപ്പാക്കുന്ന പരിശോധന കേന്ദ്രങ്ങളിൽ രണ്ടാഴ്ചക്കകം 3,35,000 പേർക്ക് കോവിഡ് പരിശോധന നടത്തി.
വൈറസ് വ്യാപന സാധ്യത കുറക്കുന്നതിന് വേണ്ട പ്രതിരോധ നടപടികളെക്കുറിച്ച് അവബോധം വർധിപ്പിക്കാനും സെഹ ലക്ഷ്യമിടുന്നു. സാമൂഹിക സംരക്ഷണം ഉറപ്പാക്കാനുള്ള എല്ലാ സർക്കാർ നടപടികളും നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇ.ആർ.സി ലോക്കൽ അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റാഷിദ് മുബാറക് അൽ മൻസൂരി അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ഭക്ഷണം, ഗതാഗതം എന്നിവയിൽ ജനങ്ങളെ സഹായിക്കുന്നതിന് എമിറേറ്റ്സ് റെഡ്ക്രസൻറ് പ്രത്യേകം ശ്രദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു.കോവിഡ് വ്യാപനം തടയാൻ യു.എ.ഇയിൽ 14 ഡ്രൈവ് ത്രൂ സ്ക്രീനിങ് സൗകര്യങ്ങൾ സ്ഥാപിച്ചുകൊണ്ടാണ് കോവിഡ് നിർമാർജന യജ്ഞത്തിൽ സെഹ മുൻപന്തിയിലായത്. രോഗലക്ഷണങ്ങളുള്ളവർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തിയിട്ടുണ്ട്.