കോവിഡ് പോരാട്ടത്തില്‍ മുന്നിലുണ്ട് ടീച്ചറമ്മയുടെ മകനും
text_fieldsദുബൈ: ‘ഡിസിഷൻ മേക്കർ എന്ന വാക്കിനെ അനുഭവിച്ചറിയാൻ കഴിഞ്ഞത് അമ്മയിലൂടെയാണ്. അത് കുടുംബത്തിലായാലും പാർട്ടിയിലായാലും ജനങ്ങൾക്കിടയിലായാലും’ -പറയുന്നത് മറ്റാരുമല്ല, കേരളം ടീച്ചറമ്മ എന്ന് വിളിക്കുക്കുന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ മൂത്തമകനും അബൂദബിയിൽ എൻജിനീയറുമായ കെ.കെ. ശോഭിത്. കോവിഡ്-19 വൈറസിനെതിരായ പോരാട്ടത്തിൽ കേരളത്തെ മുന്നിൽനിന്ന് നയിക്കുന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുെടെ പാത പിന്തുടർന്ന് പ്രവാസലോകത്ത് ശോഭിതും കൊറോണ വ്യാപനത്തെ തുരത്താനുള്ള പ്രയത്നത്തിലാണ്. അബൂദബിയിൽ കോവിഡ് ചികിത്സക്കായി തുറക്കപ്പെട്ട താൽകാലിക ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ശോഭിതും. വി.പി.എസ് ഗ്രൂപ്പിെൻറ അബൂദബിയിലെ മുഹമ്മദ് ബിൻ സായദ് സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന ബുർജിൽ മെഡിക്കൽ സിറ്റി കെട്ടിടത്തിലാണ് താൽക്കാലിക ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും മറ്റും ആവശ്യമായ ഫെസിലിറ്റി മാനേജ്മെൻറ് വിഭാഗത്തിന് മേൽനോട്ടം വഹിക്കുന്നത് ശോഭിത് ആണ്.
നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടം വൈറസ് വ്യാപനം വന്നതോടെ താൽകാലിക ചികിത്സാ സൗകര്യം ഒരുക്കാൻ വി.പി.എസ് ഗ്രൂപ് എം.ഡി ഷംഷീർ വയലിൽ വിട്ടുനൽകിയതാണ്. നേരത്തെ മെഡിക്കൽ സിറ്റി നിർമാണത്തിെൻറ ഭാഗമായി മറ്റൊരു സ്വകാര്യ കമ്പനിയുടെ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന ശോഭിത് രണ്ടരമാസം മുമ്പാണ് വി.പി.എസ് ഹെൽത്ത് ഗ്രൂപ്പിൽ ഓപറേഷൻ മാനേജറായി ജോലിക്കു കയറിയത്. കോവിഡ് വ്യാപിച്ചപ്പോൾ ഈ കെട്ടിടത്തെ കോവിഡ് ആശുപത്രിയാക്കി മാറ്റി. അബൂദബി ആരോഗ്യ വകുപ്പുമായി സഹകരിച്ച് മുന്നൂറോളം കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയാണിത്. നിലവിൽ 200ൽപരം കോവിഡ് ബാധിതർ ഇവിടെ ചികിത്സയിലുണ്ട്. ഐ.സി.യുവും ഐസൊലേഷൻ വാർഡും ലാബുകളും മറ്റും ഒരുക്കിയത് ശോഭിത്തിെൻറകൂടി മേൽനോട്ടത്തിലാണ്.
ക്രമീകരണങ്ങളുടെ ഭാഗമായി ഐസൊലേഷൻ, ഐ.സി.യു വാർഡുകളിൽ ശോഭിതിനു ജോലി ചെയ്യണം. ഇടക്കിടെ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. കോവിഡ് പ്രോട്ടോക്കോളില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന പി.പി.ഇ കിറ്റ് ധരിച്ചു കൊണ്ടാണ് ജോലി. ആശുപത്രിക്കുള്ളിൽ പി.പി.ഇ കിറ്റും ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ അമ്മക്ക് അയച്ചു കൊടുക്കാറുണ്ട്. കൊറോണ പ്രതിരോധത്തിൽ കേരളത്തിൽ ശൈലജ ടീച്ചർ എടുത്ത തീരുമാനങ്ങൾ പലപ്പോഴും തെൻറ കൃത്യനിർവഹണത്തിൽ പാലിക്കാൻ ശ്രമിച്ചത് ജോലിയിൽ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് ശോഭിത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അപകടമേഖലയിലാണ് ജോലി ചെയ്യുന്നതെന്ന നല്ല ബോധ്യമുണ്ട്. പക്ഷേ, മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ ആ റിസ്ക് നമ്മള് എടുത്തേ മതിയാകൂ.
ടീച്ചറായിരുന്നപ്പോഴും വിദ്യാർഥികൾക്കെല്ലാം ‘ടീച്ചറമ്മ’തന്നെ ആയിരുന്നു. വളരെ ബോള്‍ഡും പ്രശ്നങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ആളുമാണ്. എന്ത് കാര്യവും നന്നായി പഠിച്ച ശേഷമേ തീരുമാനമെടുക്കൂ. ഉറച്ച നിലപാടുകളാണ് അമ്മക്കെപ്പോഴും. പാർട്ടി ഗ്രാമത്തിൽ വളർന്ന് താഴേക്കിടയിൽനിന്നും പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്നതാണ് അമ്മ. അച്ഛൻ കെ. ഭാസ്കരനും നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകനും അധ്യാപകനുമാണ്. അവര്‍ പാര്‍ട്ടി മീറ്റിങ്ങുകളില്െവച്ചാണ് കണ്ടുമുട്ടിയതും കല്യാണം കഴിച്ചതും. അമ്മയുടെ പേരോ പദവിയോ ദുരുപയോഗിച്ചിട്ടില്ലെന്നും ശോഭിത് പറഞ്ഞു. എത്ര തിരക്കിലാണെങ്കിലും അമ്മ ദിവസവും വിളിക്കും. രാത്രിയിൽ ഓഫിസിൽനിന്നും വീട്ടിലേക്കുള്ള ചുരുങ്ങിയ സമയത്തിനിടക്കാണ് ആ വിളി. ഭാര്യ സിഞ്ചുവും മൂന്ന് വയസ്സുള്ള മകൾ നിരാലും അബൂദബിയിലുണ്ട്. മകളുടെ കൊഞ്ചൽ കേൾക്കാനാണ് അമ്മ കൂടുതൽ സമയം ഫോണിൽ സംസാരിക്കുക. ടിവിയിൽ ടീച്ചറെ കാണുമ്പോൾ ‘മന്ത്രി അച്ഛമ്മ’ എന്നും പറഞ്ഞാണ് മകൾ ചൂണ്ടിക്കാണിക്കുന്നതെന്നും ശോഭിത് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
