ട്രൂനാറ്റ് കിറ്റ് കിട്ടിയാൽ തീരില്ല പ്രശ്നം; പ്രവാസി മടക്കത്തിന് മുടക്കമുറപ്പ്
text_fieldsദുബൈ: കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾ കോവിഡ് പരിശോധിച്ച് നെഗറ്റിവ് ആണെന്ന് ഉറപ്പുവരുത്തണമെന്ന നിബന്ധന നാളെ മുതൽ നിലവിൽ വരുന്നതോടെ യു.എ.ഇ, ഖത്തർ എന്നിവിടങ്ങൾ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ യാത്ര അനിശ്ചിതത്വത്തിലാകും.
ആലോചനാരഹിതമായ തീരുമാനങ്ങളും അവയുടെ പാളിച്ച തീർക്കാനായി മുന്നോട്ടുവെക്കുന്ന പുതിയ നിർദേശങ്ങളും പ്രവാസികളുടെ യാത്ര മുടക്കുക മാത്രമല്ല മനസ്സും മടുപ്പിക്കുന്നു.യാത്രക്ക് മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റിവ് ആണെന്ന സർട്ടിഫിക്കറ്റ് നൽകുക ഇൗ രാജ്യങ്ങളിൽ നിലവിൽ അപ്രായോഗികമാണ്.
പരിശോധനക്കാവശ്യമായ ട്രൂനാറ്റ് കിറ്റുകൾ കേരളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കാര്യങ്ങൾ അതു കൊണ്ടുമാത്രം എളുപ്പമാവില്ല. നിരവധി മലയാളികൾ തിരിച്ചുവരുവാനായി ഒരുങ്ങി നിൽക്കുന്ന സൗദിയിൽ ട്രൂനാറ്റ് കിറ്റ് ഉപയോഗിച്ചുള്ള കോവിഡ് പരിശോധന നിലവിലില്ല. ഇവിടെ രാജ്യത്ത് അനുമതി ലഭിക്കണമെങ്കിൽ സൗദി ഡ്രഗ് ആൻഡ് ഫുഡ് അതോറിറ്റി, ആരോഗ്യമന്ത്രാലയം എന്നിവയുടെ പരിശോധനയും അംഗീകാരവും വേണം. ടെർമിനലിനുള്ളിൽ വെച്ച് ടെസ്റ്റ് നടത്തുന്നതിന് വിമാനക്കമ്പനികൾക്ക് എയർപോർട്ട് അധികൃതരുടെ സമ്മതം നേടിയെടുക്കലും എളുപ്പമല്ല.
കുവൈത്തിൽ ട്രൂനാറ്റ് ഉൾപ്പെടെ ഒരു കോവിഡ് പരിശോധനക്കും സ്വകാര്യ മേഖലയിൽ നിലവിൽ അനുമതിയില്ല. എംബസി വഴി ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കി സ്വകാര്യ ക്ലിനിക്കുകളുടെയോ സന്നദ്ധ സംഘടനകളുടേയോ സഹകരണത്തോടെ പരിശോധന നടത്തണമെങ്കിൽ നയതന്ത്ര ഇടപെടലിലൂടെ പ്രത്യേക അനുമതി വേണ്ടിവരും. കർഫ്യൂ, ലോക്ഡൗൺ പശ്ചാത്തലത്തിൽ ആളുകളുടെ സഞ്ചാരത്തിന് തന്നെ നിയന്ത്രണമുള്ള പശ്ചാത്തലത്തിൽ കോവിഡ് പരിശോധന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എളുപ്പമല്ല. അതിനു താമസം വരുത്തുംതോറും പ്രവാസികളുടെ മടക്കവും വൈകും.ബഹ്റൈനിൽ നാഷനൽ ഹെൽത് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ മാത്രമേ ട്രൂനാറ്റ് പരിശോധന സാധ്യമാവൂ. അനുമതി ലഭിക്കുന്നതിന് എംബസി തല ഇടപെടലുകൾക്ക് സാമൂഹിക പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്്. ഒമാനിൽ നിലവിലെ സാഹചര്യത്തിൽ ട്രൂനാറ്റ് പരിശോധന സാധ്യമാവില്ല. ശക്തവും അതിവേഗത്തിലുമുള്ള നയതന്ത്ര ഇടപെടലുകൾ വഴി മാത്രമേ ഇൗ പ്രതിസന്ധിക്ക് എന്തെങ്കിലുമൊരു പരിഹാരം കണ്ടെത്താനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
