അബൂദബി: തലസ്ഥാന നഗരിയിലെ സർക്കാർ ഓഫിസുകളിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു.ഇടപാടുകൾക്ക് സർക്കാർ ഓഫിസുകളിൽ പോകുന്നവർക്ക് രണ്ടു ഡോസ് കോവിഡ് വാക്സിനേഷനുപുറമെ മൂന്നു ദിവസത്തിനുള്ളിൽ (72 മണിക്കൂർ) എടുത്ത പി.സി.ആർ നെഗറ്റിവ് ഫലവും നിർബന്ധമാക്കി. തിങ്കളാഴ്ച മുതലാണ് അബൂദബിയിലെ സർക്കാർ ഓഫിസുകളിൽ ഈ നിബന്ധന കർശനമായത്.
ഇമിഗ്രേഷൻ ഓഫിസുകളിൽ പ്രവേശനത്തിന് 48 മണിക്കൂർ കോവിഡ് പരിശോധന ഫലം ഒരാഴ്ച മുമ്പേ നിർബന്ധമാക്കിയിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മൊബൈൽ ഫോണിൽ അൽ ഹുസൻ ആപ്പിൽ പി.സി.ആർ നെഗറ്റിവ് ഫലം കാണിക്കണം.
അഡ്നോക് ജീവനക്കാരായ ഇന്ത്യക്കാർക്ക് 20 ദിവസത്തെ ക്വാറൻറീൻ
അബൂദബി: അബൂദബി നാഷനൽ ഓയിൽ കമ്പനി ഹെൽത്ത് സേഫ്റ്റി എൻവയൺമെൻറ് (അഡ്നോക്) ഇന്ത്യയിൽ നിന്നെത്തുന്ന ജീവനക്കാർക്ക് 20 ദിവസം ക്വാറൻറീൻ നിർബന്ധമാക്കി. ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ ട്രാൻസിറ്റ് ചെയ്തവർക്കും ബാധകമാണ്. തിങ്കളാഴ്ച മുതൽ നിബന്ധന പ്രാബല്യത്തിലായി.
ഇന്ത്യയിൽ നിന്നെത്തിയവർ നിലവിൽ ക്വാറൻറീനിലാണെങ്കിൽ 20 ദിവസത്തിനു ശേഷമേ പുറത്തിറങ്ങാവൂ. ഈ മാസം 16നോ അതിനുശേഷമോ ഇന്ത്യയിൽ നിന്നെത്തിയവർക്കാണ് ഇത് ബാധകം. 14ാം ദിവസം ആദ്യ പി.സി.ആർ പരിശോധന നടത്തണം. ആറു ദിവസത്തിനു ശേഷം രണ്ടാമത്തെ പി.സി.ആർ പരിശോധന നടത്താം. നേരത്തെ 10 ദിവസത്തെ ക്വാറൻറീൻ മതിയായിരുന്നു.