കണ്ണിൽ നിന്ന് മായുന്നില്ല, അരവയർ മുറുക്കിയ ആ ചരട്
text_fieldsസമയം വൈകീട്ട് ഏഴ് കഴിഞ്ഞിരിക്കുന്നു. 15 മിനിറ്റ് കഴിഞ്ഞാൽ പി.പി.ഇ കിറ്റ് അഴിച്ചുമാറ്റി നോമ്പു തുറക്കാം. രാവിലെ ഏഴ് മണിക്ക് തുടങ്ങിയതാണ് ഇതും ധരിച്ചുള്ള നിൽപ്. അടുത്ത ഷിഫ്റ്റിനുള്ള ഹാൻഡോവറിെൻറ തിരക്കിൽ നിൽക്കുേമ്പാഴാണ് ആംബുലൻസ് കോൾ സെൻററിലെ ഫോൺ ബെൽ മുഴങ്ങിയത്. അത്യാവശ്യ ഘട്ടത്തിൽ കോൾസെൻററുകാർ മാത്രം വിളിക്കുന്ന ഫോണാണിത്. ഹൃദയാഘാതമുണ്ടായ രോഗിയുമായി ആംബുലൻസ് വരുന്നുണ്ടെന്നും സി.പി.ആർ കൊടുത്തുകൊണ്ടിരിക്കുകയാണെന്നും പത്ത് മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിക്കുമെന്നുമായിരുന്നു മറുതലക്കലെ സംസാരം. ഇതോടെ ഞാൻ വീണ്ടും ഡ്യൂട്ടി മോഡിലായി. ഒരുക്കങ്ങൾ നടത്തേണ്ട താമസം, അവർ എത്തി. അയാൾക്ക് ഏകദേശം 40 വയസ്സുണ്ടായിരുന്നു. നെറ്റിയിൽ നിന്ന് ചോര പൊടിയുന്നുണ്ട്. വീഴ്ചയിൽ പറ്റിയതാവാം. ഇന്ത്യക്കാരനാണെന്ന് കാഴ്ചയിൽ തന്നെ മനസ്സിലായി. ലേബർ ക്യാമ്പിന് സമീപമുള്ള റോഡിൽ നിന്നാണ് ഇദ്ദേഹത്തെ വാഹനത്തിൽ കയറ്റിയതെന്ന് ഫിലിപ്പീൻ സ്വദേശിയായ ഡ്രൈവർ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റിവായിരുന്നു എന്നും പറഞ്ഞു. ജീവൻ നിലനിർത്താൻ അവസാന നിമിഷം വരെ പോരാടുന്നവരാണ് ആരോഗ്യ പ്രവർത്തകർ. കൈയിൽ നിന്ന് വഴുതി പോകുന്നതായി തോന്നിയെങ്കിലും അദ്ദേഹത്തിന് സി.പി.ആർ കൊടുത്തുകൊേണ്ടയിരുന്നു. മുഖത്തോടു മുഖം ചേർത്തുള്ള റെസ്പോൺസ് ചെക്കിങ്ങിന് മാസ്കിനു പുറത്തു ധരിച്ചിരിക്കുന്ന ഹെൽമറ്റ് തടസ്സമായി തോന്നിയതിനാൽ അതു എടുത്തു മാറ്റി. കിണഞ്ഞു നോക്കിയിട്ടും ഒരു ജീവൻ കൂടി എെൻറ കൺമുന്നിൽ കൈവിട്ടു പോകുന്നത് ഞാൻ അറിഞ്ഞു. എട്ടരയോടെ മരണം ഉറപ്പുവരുത്തി.
ശിവറാം, അതാണ് അയാളുടെ പേര്. മോർച്ചറിയിലേക്ക് മാറ്റുന്നതിന് മുമ്പ് മൃതദേഹത്തിെൻറ വസ്ത്രങ്ങൾ മാറ്റണം. മൊബൈൽ, പഴ്സ് തുടങ്ങിയവ ബന്ധുക്കൾക്ക് കൈമാറണം. വസ്ത്രം മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഉള്ളുലക്കുന്ന ആ കാഴ്ച ഞാൻ കണ്ടത്. പാൻറ്സ് അഴിഞ്ഞുപോകാതിരിക്കാൻ ചരടുകൊണ്ട് കെട്ടിയിരിക്കുന്നു. ആ ചരട് മുറുക്കി കെട്ടിയായിരിക്കാം അയാൾ വിശപ്പടക്കിയിരുന്നത്. ഉൗരുന്നതിനിടയിൽ ഏതാനും നാണയത്തുട്ടുകൾ പാൻറ്സിൽ നിന്നും നിലത്തു വീണു. ഒരു ചായ പോലും കുടിക്കാതെ ആ പാവം കരുതി വെച്ച നാണയത്തുട്ടുകൾ. 12 വർഷത്തെ ജോലിക്കിടെ എത്രയോ മരണം കണ്ടിരിക്കുന്നു.
എങ്കിലും ജീവനറ്റ ശിവറാമിെൻറ ശോഷിച്ച ശരീരം കണ്ട് എെൻറ കണ്ണുകൾ നിറഞ്ഞൊഴുകി. മരണ സർട്ടിഫിക്കറ്റിനുള്ള പേപ്പറുകൾ തയാറാക്കി മൃതദേഹം മോർച്ചറിയിലേക്ക് അയച്ചപ്പോൾ സമയം പത്ത് മണിയായി. പി.പി.ഇ അഴിച്ചുമാറ്റി വസ്ത്രം മാറിയപ്പോഴാണ് ആ കാര്യം ഒാർത്തത്, ഇതുവരെ നോമ്പ് തുറന്നിട്ടില്ല. രാവിലെ 5.30ന് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ഡ്യൂട്ടി കഴിഞ്ഞവരെയും കൊണ്ട് ഹോസ്പിറ്റൽ വാഹനം എപ്പഴേ പോയി. ഭർത്താവാണ് വാഹനവുമായെത്തിയത്. കാറിൽ കയറിയതും ഒരു ഗ്ലാസ് ചൂടുള്ള ചായ എെൻറ നേരെ നീട്ടി. അതുമാത്രമേ ഒാർമയുള്ളൂ, ഞാൻ കാറിെൻറ സീറ്റിലിരുന്ന് മയങ്ങിപ്പോയി. വീട്ടിൽ കുട്ടികൾ ഒറ്റക്കാണ്, എത്രയും പെട്ടന്ന് അവിടെ എത്തിയാൽ മതി എന്ന ചിന്തയിൽ ആയിരുന്നു ഞാൻ. ഭക്ഷണം കഴിച്ചെന്നു വരുത്തി ഉറങ്ങാൻ കിടന്നു. എങ്കിലും നാളെ ലീവ് ആണെന്ന ആശ്വാസത്തിലായിരുന്നു ഞാൻ. ഒന്ന് മയക്കം പിടിച്ച് കാണും. ഫോൺ തുടർച്ചയായി അടിക്കുന്നു.
ആശുപത്രിയിൽ നിന്നാണ്. ശിവറാമിെൻറ കോവിഡ് പരിശോധന ഫലം പോസിറ്റിവാണേത്ര. രാവിലെ ഏഴ് മണിക്ക് ആശുപത്രിയിൽ എത്തണം, കോവിഡ് പരിശോധനക്ക്. പാതി ഉറക്കത്തിൽ ഉമ്മയെ കണ്ട സന്തോഷത്തിൽ എന്നോട് ചേർന്ന് ഒട്ടി കിടന്ന നാല് വയസ്സുകാരനെ ഞാൻ മനപ്പൂർവം മാറ്റിക്കിടത്തി. നേരം പുലർന്നതും വീണ്ടും ആശുപത്രിയിൽ എത്തി പരിശോധന നടത്തി. ദൈവാനുഗ്രഹമെന്ന് പറയെട്ട, ഫലം നെഗറ്റീവായതിെൻറ ആശ്വാസത്തിലാണ് ഞങ്ങളിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
