കോവിഡിനെ പൊരുതിത്തോൽപിച്ച് ഹരീഷ്
text_fieldsഅബൂദബി: 18 ദിവസത്തെ വെൻറിലേറ്റർ വാസത്തിനുശേഷം ജീവൻ തിരിച്ചുപിടിച്ച് ഹരീഷ്. 26 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞശേഷമാണ് കോവിഡിനെ പൊരുതിത്തോൽപിച്ച് തൃശൂർ ചെമ്പുക്കാവ് ചിറ്റിക്കാപ്പിൽ പരേതനായ ശിവെൻറ മകൻ ഹരീഷ് (42) അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽനിന്ന് തിരിച്ചിറങ്ങിയത്.അബൂദബി വിമ്പി ലബോറട്ടറീസ് കമ്പനിയിലെ മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടിവ് ആയി ജോലിചെയ്യുന്ന ഹരീഷ് ഗുരുതരാവസ്ഥയിൽ മേയ് 16നാണ് മെഡിക്കൽ സിറ്റിയിൽ അഡ്മിറ്റായത്. ഗുരുതരാവസ്ഥയിലായിരുന്ന തന്നെ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും നൽകിയ മികച്ച പരിചരണമാണ് ജീവൻ വീണ്ടെടുക്കാൻ സഹായിച്ചതെന്ന് ഹരീഷ് പറയുന്നു. ഇപ്പോഴും സംസാരിക്കുമ്പോൾ കിതപ്പും ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്.
മുസഫയിൽ ഷെയറിങ് അക്കമൊഡേഷനിലായിരുന്നു താമസം. കാര്യമായ മറ്റു രോഗങ്ങളില്ലാതിരുന്നിട്ടും ഗുരുതരാവസ്ഥയിലായി. ശ്വാസകോശ തകരാറുകൾ പൂർണമായും ഭേദമായെങ്കിലും സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. 14 ദിവസത്തെ ക്വാറൻറീൻ വാസം കഴിയുന്നതോടെ ഇതും ഭേദമാകുമെന്ന വിശ്വാസത്തിലാണ് ഹരീഷ്. മുസഫയിലെ റൂമിലെത്തിയ ഉടൻ അത്യാവശ്യ സാധനങ്ങളെടുത്ത് അബൂദബിയിലെ ഹോട്ടലിലേക്കു മാറി. ക്വാറൻറീനുശേഷം ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം. നാട്ടിലുള്ള അമ്മ തങ്കമണി, ഭാര്യ ധന്യ, മകൾ പത്തുവയസ്സുകാരി ഭക്തി എന്നിവരുടെയും സഹപ്രവർത്തകരുടെയും പ്രാർഥനയും ആശുപത്രി ജീവനക്കാരുടെ ആത്മാർഥമായ പരിചരണവും മികച്ച ചികിത്സയും ദൈവാനുഗ്രഹവുമാണ് രോഗമുക്തി നേടാനായതെന്നും ഹരീഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
