ഹംസയുടെ റിപ്പോർട്ട് നെഗറ്റിവ്, മനസ്സ് പോസിറ്റിവ്
text_fieldsദുബൈ: ഹംസയുടെ ശ്വാസം നേരെവീണത് ഇപ്പോഴാണ്. അടുത്ത ബന്ധുവിെൻറ കല്യാണം കൂടാൻ മൂന്നു ദിവസത്തേക്ക് വേണ്ടിയാണ് പുളിങ്ങോം സ്വദേശി മുണ്ടക്കുണ്ടിൽ ഹംസ (അബൂ ഷബീൽ പുളിങ്ങോം) മാർച്ച് അഞ്ചിന് നാട്ടിലേക്ക് പോയത്. മാസ്ക് ഉൾപ്പെടെ എല്ലാവിധ മുൻകരുതലും എടുത്തിരുന്നു. ഉടനെ തിരിച്ചെത്തുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ, നാട്ടിലേക്ക് പോയ ദുബൈ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്തിരുന്ന പെരിങ്ങോം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നറിഞ്ഞതോടെ ആധിയായി. സ്വന്തം ആരോഗ്യത്തെക്കാളേറെ ആശങ്കപ്പെടുത്തിയത് താൻമൂലം കുടുംബാംഗങ്ങൾക്കും വിവാഹത്തിൽ പെങ്കടുത്തവർക്കും പ്രശ്നങ്ങളുണ്ടാകുമോ എന്നതായിരുന്നു.
നാട്ടിൽനിന്നുള്ള വിവരം അറിഞ്ഞതും ദുബൈ ആരോഗ്യ അതോറിറ്റിയിൽ വിളിച്ച് വിവരം പറഞ്ഞു. ഒപ്പം സഞ്ചരിച്ചയാൾക്ക് രോഗബാധ കണ്ടെത്തിയത് അറിയിച്ചതോടെ സ്വയം മുന്നോട്ടു വന്ന് റിപ്പോർട്ട് ചെയ്ത ഹംസയെ അഭിനന്ദിച്ച അധികൃതർ പരിശോധനക്കായി തൊണ്ടയിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവങ്ങൾ ശേഖരിച്ചു. 14 ദിവസത്തേക്ക് ഒറ്റക്ക് മാറി താമസിക്കണമെന്നും ആവശ്യപ്പെട്ടു. കൂട്ടുകാരുമായി മുറി ഷെയർ ചെയ്ത് ഒരുമിച്ചാണ് താമസിക്കുന്നതെന്ന് അറിയിച്ചപ്പോൾ അതോർത്ത് വിഷമിക്കേണ്ട എന്നായി ഡോക്ടർ. ഒരു സ്റ്റാർ ഹോട്ടലിൽ സ്യൂട്ട് ഒരുക്കിക്കൊടുത്തു. ആധുനിക സൗകര്യങ്ങളെല്ലാം അതിലുണ്ട്. കൃത്യ സമയത്ത് വിഭവ സമൃദ്ധമായ ഭക്ഷണങ്ങളെത്തും. പ്രത്യേക മുൻകരുതൽ വസ്ത്രങ്ങൾ ധരിച്ച പ്രഫഷനലുകളാണ് ഇത് നിർവഹിക്കുക. ഒാരോ മണിക്കൂർ ഇടവിട്ട് നഴ്സുമാർ വിളിച്ച് സൗകര്യങ്ങൾ അന്വേഷിക്കും. ഡോക്ടറെ ഇടക്കിടെ വാട്ട്സ്ആപ്പിൽ ബന്ധപ്പെടും. തിങ്കളാഴ്ച രാവിലെ പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റിവ്. ഒരുവിധ ആേരാഗ്യ പ്രശ്നങ്ങളും ഇല്ല എന്ന് വ്യക്തമായെങ്കിലും 14 ദിവസം പൂർത്തിയാകാനായി കാത്തിരിക്കുകയാണിപ്പോൾ. ഭാര്യ നഷീദയെയും മക്കളായ ഷബീലിനെയും സയാനെയും വിളിച്ചു സംസാരിക്കുന്നതിനാൽ അവർക്കും ടെൻഷനില്ല.
കെ.എം.സി.സി പ്രവർത്തകനും നെറ്റ് സോൺ അഡ്മിനുമായ ഹംസ ദുബൈ അൽ നൂർ ഹോസ്പിറ്റൽ ഗ്രൂപ്പിലെ പേഷ്യൻറ്സ് റിലേഷൻസ് എക്സിക്യൂട്ടിവ് ആണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പുലർത്തുന്ന ജാഗ്രതയിൽ നന്ദി പറഞ്ഞ ഹംസക്ക് ജനങ്ങളോട് ഒന്നേ പറയുവാനുള്ളൂ- നമ്മൾ ഒത്തുപിടിച്ചാൽ മാത്രം പരിഹരിക്കാനാവുന്ന വിപത്താണിത്. അവരവരുടെ സൗകര്യവും സുരക്ഷയും മാത്രമല്ല, നമ്മുടെ സഹജീവികളുടെ സൗഖ്യംകൂടി മനസ്സിൽ കരുതേണ്ടതുണ്ട്. നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്ന് ഭയന്ന് ഒഴിഞ്ഞുമാറുകയും ഒളിച്ചു താമസിക്കുകയും ചെയ്താൽ ഒരു നാട് മുഴുവൻ പ്രയാസത്തിലും ദുരിതത്തിലുമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
