പ്രവാസി പ്രതിസന്ധി: കേന്ദ്ര സർക്കാർ പ്രതിനിധി അനൗദ്യോഗിക ചർച്ച നടത്തി
text_fieldsദുബൈ: ഗൾഫ് മേഖലയിലെ പ്രവാസികൾ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് സമർപ്പിച്ച നിവേദനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധി സി.വി. ആനന്ദബോസ് പ്രവാസി സംഘടനാ പ്രതിനിധികളുമായി ടെലി കോൺഫറൻസിങ് നടത്തി. യു.എ.ഇയി ലെ വിവിധ പ്രവാസി നേതാക്കളുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.
പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ വിവിധ സംഘട നാ നേതാക്കൾ അവതരിപ്പിച്ചു. ജോലി നഷ്ടപ്പെട്ടവരും വിസിറ്റിങ് വിസയിൽ വന്ന് കുടുങ്ങിപ്പോയവരും മറ്റു രോഗങ്ങളിൽപെട്ട് കഷ്ട്ടപ്പെടുന്നവരും വയോധികരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിശ്ചിത എണ്ണം വരുന്ന ഇന്ത്യക്കാരെയാണ് ഏറ്റവും അടുത്ത അവസരത്തിൽ നാട്ടിലെത്തിക്കേണ്ടതെന്ന് നേതാക്കൾ അറിയിച്ചു.
മടങ്ങിപ്പോകുന്നവർക്കുള്ള ടിക്കറ്റ് ചെലവ് പ്രവാസകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ലേബർ ക്യാമ്പുകളിലുള്ളവർക്കായി ഐസൊലേഷൻ യൂണിറ്റുകൾ സജ്ജമാക്കുന്ന കാര്യത്തിൽ എംബസി ഇടപെടണമെന്നും, പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ മെഡിക്കൽ ടീമിനെ അയക്കാൻ തയ്യാറാവണമെന്നും, അബൂദബിയിൽ എംബസിയുടെ ഇടപെടൽ വേണമെന്നുമുള്ള അഭ്യർഥനയും സംഘടനാ പ്രതിനിധികൾ നടത്തി.
നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ആനന്ദ ബോസ് ഉറപ്പു നൽകി. ശംസുദ്ദീൻ ബിൻ മൊഹ്‌യദ്ധീൻ, പുത്തൂർ റഹ്മാൻ, പി.കെ. അൻവർ നഹ, ഇ.പി. ജോൺസൻ, എൻ.പി. രാമചന്ദ്രൻ, സജീവ് പുരുഷോത്തമൻ, ബിജു സോമൻ, മുരളി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
