കോവിഡ് പ്രതിരോധം: ആർ.ടി.എക്ക് ഹാർവഡ് യൂനിവേഴ്സിറ്റി പുരസ്കാരം
text_fieldsദുബൈ മെട്രോയുടെ ഉൾഭാഗത്ത് അണുനശീകരണം നടത്തുന്ന ആർ.ടി.എ ജീവനക്കാർ
ദുബൈ: കോവിഡ് കാലത്തും സുരക്ഷിത യാത്രയൊരുക്കിയ ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ) ഹാർവഡ് യൂനിവേഴ്സിറ്റി ബിസിനസ് കൗൺസിലിെൻറ പുരസ്കാരം. ഡയമണ്ട് ലെവൽ പുരസ്കാരമാണ് ആർ.ടി.എ സ്വന്തമാക്കിയത്.
ദുബൈയെ പഴയനിലയിലേക്ക് തിരിച്ചെത്തിക്കാനും ടൂറിസം മേഖല സജീവമാക്കാനും ആർ.ടി.എ വഹിച്ച പങ്ക് വിലയിരുത്തിയാണ് പുരസ്കാരം. കോവിഡ് കാലത്ത് സുരക്ഷ ഉറപ്പുവരുത്തി സഞ്ചാരം സുഗമമാക്കിയതും ജീവനക്കാരെ സംരക്ഷിച്ചതും അവാർഡ് സമിതി പരിഗണിച്ചു. ഗുണനിലവാരവുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും മികച്ച പുരസ്കാരങ്ങളിലൊന്നാണ് ഹാർവഡ് യൂനിവേഴ്സിറ്റി അവാർഡ്.
കോവിഡ് മൂലം ലോക്ഡൗൺ തുടങ്ങിയ 2020 മാർച്ചിൽ ആർ.ടി.എ പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. ഓരോ സംഭവവികാസവും വിലയിരുത്തിയത് ഈ സമിതിയാണ്.
ജീവനക്കാരെയും യാത്രക്കാരെയും പൊതുജനങ്ങളെയും സംരക്ഷിക്കുക എന്നതിനായിരുന്നു പ്രാഥമിക പരിഗണന നൽകിയതെന്ന് ആർ.ടി.എ കോഓപറേറ്റിവ് ഗവേണൻസ് സി.ഇ.ഒ നാസിർ ബു ഷെഹബ് പറഞ്ഞു. പൊതുഗതാഗതം നിർത്തിവെക്കാതെ സേവനങ്ങൾ തുടരുന്നതിനായിരുന്നു ശ്രമം. ഈ നയങ്ങൾ വിജയം കണ്ടതിെൻറ തെളിവാണ് പുരസ്കാരം. ഡിജിറ്റൽ ചാനലുകളും വെബ്സൈറ്റും വഴിയായിരുന്നു ക്രമീകരണങ്ങൾ ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് സുരക്ഷയൊരുക്കിയതിന് കഴിഞ്ഞ വർഷം നോർവീജിയൻ ഡി.എൻ.വി.ജി.എല്ലിെൻറ അന്താരാഷ്ട്ര പുരസ്കാരവും ആർ.ടി.എ നേടിയിരുന്നു.