യു.എ.ഇയിൽ നിന്ന് ആദ്യ വിമാനങ്ങൾ കൊച്ചിക്കും കോഴിക്കോടിനും
text_fieldsദുബൈ: കോവിഡ് പ്രതിസന്ധിയെ തുടർന്ന വിദേശത്ത് കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ സജ്ജമാക്കുന്ന ആദ്യ വിമാനങ്ങൾ സർവീസ് നടത്തുക കൊച്ചിയിലേക്കും കോഴിക്കോേട്ടക്കും. മെയ് ഏഴിന് അബുദബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബൈയിൽ നിന്ന് കോഴിക്കോേട്ടക്കുമാണ് പ്രവാസികളെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനങ്ങൾ പറക്കുക.
തുടർ ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലേക്കും പ്രത്യേക സർവീസ് നടത്തും.ഇതിൽ യാത്ര ചെയ്യുന്നവരുടെ അന്തിമ പട്ടിക അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും േചർന്ന് തയ്യാറാക്കും. നാട്ടിലേക്ക് തിരിച്ചെത്താൻ താൽപര്യം അറിയിച്ച് രണ്ടു ലക്ഷത്തോളം പേരാണ് യു.എ.ഇയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ വലിയ ഒരു ഭാഗവും മലയാളികളാണ്.
തൊഴിൽ നഷ്ടപ്പെട്ടവർ, വയോധികർ,അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ളവർ, ഗർഭിണികൾ, മറ്റു ബുദ്ധിമുട്ടുകൾ മൂലം ദുരിതപ്പെടുന്നവർ എന്നിവർക്കെല്ലാമാവും പ്രഥമ പരിഗണന നൽകുകയെന്ന് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
നേരത്തേ രജിസ്റ്റർ ചെയ്ത ആളുകളെ നയതന്ത്ര കാര്യാലയങ്ങൾ ഫോണും ഇമെയിലും മുഖേനെ ബന്ധപ്പെട്ട് യാത്രാ വിവരം അറിയിക്കും. ടിക്കറ്റ് ചെലവ്, ക്വാറൻറീൻ വ്യവസ്ഥകൾ എന്നിവയും യാത്രക്കാരെ നേരിട്ട് അറിയിക്കും. ഇവ പാലിക്കുവാൻ സമ്മതമറിയിക്കുന്നവരെ മാത്രമേ യാത്രക്ക് പരിഗണിക്കുകയുള്ളൂ.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരേയും തിരിച്ചെത്തിക്കുന്നതിന് സമയമെടുക്കുമെന്ന് അധികൃതർ ഒാർമപ്പെടുത്തി. യാത്രയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി എംബസിയും കോൺസുലേറ്റും സന്ദർശിക്കുന്നതും ഒഴിവാക്കണം.
കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രവാസി ഭാരതീയ സഹായകേന്ദ്രയുടെ 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ഇതിനു പുറമെ ഇന്ത്യൻ എംബസിയും (0-508995583) ദുബൈ ഇന്ത്യൻ കോൺസുലേറ്റും ( 0-565463903, 0543090575) ഒരുക്കിയിരിക്കുന്ന കോവിഡ് ഹെൽപ്ലൈനുകളിലും ബന്ധപ്പെടാം.
ഇമെയിൽ: help.abudhabi@mea.gov.in, cons2.dubai@mea.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
