കോടതി ഇടപെടലും കൗൺസലിങും ഫലം കാണുന്നു; സ്വദേശി വിവാഹ മോചനങ്ങളിൽ കുറവ്
text_fields ദുബൈ: ദമ്പതികളെ പരസ്പര ബഹുമാനിക്കാനും സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന കൗൺസലിങുകൾക്ക് മികച്ച ഗുണഫലം, സ്വദേശികൾക്കിടയിലെ വിവാഹ മോചനത്തിൽ വലിയ കുറവ്. ഇൗ വർഷത്തിെൻറ ആദ്യ പകുതിയിൽ മാത്രം വിവാഹ മോചനങ്ങളിൽ ഏഴു ശതമാനം കുറവു വന്നതായി ദുബൈ കോടതിയുടെ കുടുംബ നവീകരണ വിഭാഗം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആദ്യ ആറു മാസങ്ങളിൽ 692 വിവാഹ മോചനങ്ങൾ നടന്നപ്പോൾ ഇക്കുറി അത് 645ൽ ഒതുങ്ങി.
വിവാഹ മോചനം ആവശ്യപ്പെട്ട് മുന്നോട്ടു വരുന്ന ദമ്പതികളുമായി തുറന്ന ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരസ്പരം പറഞ്ഞ് രമ്യമായി പരിഹരിക്കാൻ ശ്രമിക്കാറാണെന്ന് വിവാഹവും വിവാഹ മോചനവും ഉൾപ്പെടെയുള്ള വ്യക്തിഗത കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പഴ്സനൽ സ്റ്റാറ്റസ് കോടതി ചീഫ് ജസ്റ്റിസ് ഖാലിദ് അൽ ഹുസൈനി വ്യക്തമാക്കി.
ദമ്പതികളോടും കുടുംബാംഗങ്ങളോടും വിഷയങ്ങൾ വിശദമായി സംസാരിക്കും. യോജിപ്പിക്കാനാവുന്ന വിഷയങ്ങളെല്ലാം ഉയർത്തിക്കൊണ്ടുവരും. കുട്ടികളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്ത് ബോധ്യപ്പെടുത്തും. യുവതി^യുവാക്കളുടെ വിവാഹപ്രായം ഉയർന്നതും വിവാഹമോചനം കുറയാൻ കാരണമായതായി ജഡ്ജി പറഞ്ഞു. കൂടുതൽ പക്വതയെത്തിയ ശേഷമാണ് ഇപ്പോൾ സ്ത്രീകളും പുരുഷൻമാരും വിവാഹിതരാവുന്നത്. 25- 27 വയസാണ് ഇപ്പോൾ ശരാശരി വിവാഹ പ്രായം.
കുട്ടികളെ ശരിയായ അർഥത്തിൽ വളർത്തിക്കൊണ്ടുവരുന്നതിന് മാതാപിതാക്കൾ രണ്ടാളും ഒപ്പമുണ്ടായിരിക്കേണ്ടതിെൻറ പ്രാധാന്യം ഇപ്പോൾ കൂടുതൽ ഗൗരവത്തോടെ ദമ്പതികൾ മനസിലാക്കുന്നുണ്ട്. ഗർഹൂദിലെ പുതിയ കോടതി കെട്ടിടത്തിെൻറ അന്തരീക്ഷവും ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും സഹായകമാവുന്നതായി കേസ് മാനേജ്മെൻറ് വിഭാഗം മേധാവി മുഹമ്മദ് അൽ ഉബൈദ്ലി പറഞ്ഞു. കുടുംബങ്ങളുടെ വിഷയം സ്വകാര്യതയോടെ ചർച്ച ചെയ്യുന്നതിനു മാത്രം 15 മുറികൾ കോടതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. 2015ൽ 65 ശതമാനം വിവാഹ തർക്കങ്ങളാണ് പരിഹരിച്ചത്. കഴിഞ്ഞ വർഷം ഇത് 76 ശതമാനമായി ഉയർന്നു.
അനന്തരാവകാശ സ്വത്തു തർക്കങ്ങളും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു പരിഹരിക്കാനും കുടുംബ നവീകരണ വിഭാഗത്തിന് കഴിയുന്നുണ്ട്. കഴിഞ്ഞ വർഷം ആദ്യത്തെ ആറു മാസത്തിൽ 200 കോടി ദിർഹത്തിെൻറയും ഇൗ വർഷം ആദ്യ പകുതിയൽ 280 കോടി ദിർഹത്തിെൻറയും സ്വത്തു തർക്കങ്ങളാണ് തീർപ്പാക്കിയതെന്ന് ചീഫ് ജസ്റ്റിസ് ഖാലിദ് അൽ ഹുസൈനി വ്യക്തമാക്കി.
സൗജന്യ വിവാഹ രജിസ്ട്രേഷൻ, വിവാഹ തർക്കങ്ങളുള്ള ദമ്പതികൾക്ക് പരിഹാരത്തിന് മാർഗ നിർദേശം, പ്രായമേറിയവർക്കും നേരിട്ട് കോടതിയിൽ എത്താൻ നിവൃത്തി ഇല്ലാത്തവർക്കും വീട്ടിലെത്തി കോടതി സേവനം നൽകൽ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് നിയമോപദേശം എന്നീ സേവനങ്ങളും കോടതി ചെയ്തു കൊടുക്കുന്നുണ്ട്.