തട്ടിയെടുത്ത പണം കമ്പനിക്ക് തിരികെ നൽകാൻ മുന്‍ തൊഴിലാളിയോട് കോടതി
text_fieldsഅബൂദബി: ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് പല രീതിയില്‍ തട്ടിയെടുത്ത 2,90,000 ദിര്‍ഹം തിരികെ നല്‍കാന്‍ മുന്‍ തൊഴിലാളിയോട് ഉത്തരവിട്ട് അബൂദബി ലേബര്‍ കോടതി.
2024 ആഗസ്ത് 24 മുതല്‍ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് മാനേജരായ ജോലി ചെയ്ത പ്രതിക്ക് 17000 ദിര്‍ഹമായിരുന്നു ശമ്പളം. ജോലി സുഗമമാക്കാന്‍ കമ്പനി നൽകിയ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് പ്രതി കമ്പനിയില്‍ നിന്ന് പല തരത്തില്‍ 2,94,304 ദിര്‍ഹം കൈക്കലാക്കുകയായിരുന്നു.
കമ്പനി ഇതു തിരിച്ചറിഞ്ഞതോടെ ഇയാളെ ഉടനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ 28,077 ദിര്‍ഹം ഉപയോഗിച്ച് പ്രതി മൊബൈല്‍ ഫോണുകള്‍ വാങ്ങിയെങ്കിലും ഇത് തൊഴിലുടമയ്ക്കു കൈമാറിയില്ല. ജോര്‍ദാനിലായിരിക്കെ പ്രതി കമ്പനിയില്‍ നിന്ന് 14236 ദിര്‍ഹം മുന്‍കൂര്‍ ശമ്പളമായി വാങ്ങിയത് തിരികെ നല്‍കിയില്ല.
ചെലവ് വ്യക്തമാക്കാതെ കമ്പനിയില്‍ നിന്ന് 9000 ദിര്‍ഹം സ്വന്തം അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. കമ്പനിയില്‍ നിന്ന് 243515 ദിര്‍ഹം വായ്പയായി എടുത്തെങ്കിലും ഇതും തിരികെ നല്‍കിയില്ല. ജോലി ചെയ്ത കാലയളില്‍ ട്രാഫിക് നിയമലംഘനങ്ങളിലൂടെ പ്രതി കമ്പനിക്ക് 2690 ദിര്‍ഹമിന്‍റെ നഷ്ടമുണ്ടാക്കി. ഇതെല്ലാം ചൂണ്ടിക്കാട്ടി കമ്പനി തെളിവുകള്‍ സഹിതം കോടതിയിൽ പരാതി നൽകുകയായിരുന്നു. ഇത് പരിശോധിച്ച് ബോധ്യപ്പെട്ട കോടതി പ്രതിയോട് 290,383.66 ദിര്‍ഹം കമ്പനിക്കു തിരികെ നല്‍കാനും അഭിഭാഷകന്‍റെ ഫീസായി 500 ദിര്‍ഹം നല്‍കാനും ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

