ഇമെയിൽ ഹാക്ക് ചെയ്തു പണം തട്ടി; 168,700 ദിർഹം തിരികെ നൽകാൻ അബൂദബി കോടതിയുടെ ഉത്തരവ്
text_fieldsഅബൂദബി: ഇമെയിൽ ഹാക്ക് ചെയ്ത് ബാങ്ക് ജീവനക്കാരൻ ചമഞ്ഞ് വ്യാജ വിവരങ്ങൾ അയച്ചു പണം തട്ടിയ കേസിൽ പ്രതികളോട് 168,700 ദിർഹം തിരികെ നൽകാൻ അബൂദബി കുടുംബ, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഇമെയിൽ ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പിലാണ് കോടതിയുടെ നടപടി. റിയൽ എസ്റ്റേറ്റ് ബ്രോക്കർ വഴി 300,000 ദിർഹമിന് ഒരു അപാർട്മെന്‍റ് വാടകക്ക് എടുക്കാൻ തീരുമാനിച്ച വ്യക്തിയാണ് തട്ടിപ്പിനിരയായത്. വാടക നടപടികൾ പൂർത്തിയാക്കുന്നതിനിടയിൽ, അപാർട്മെന്‍റ് ബുക്കിങ്, രജിസ്ട്രേഷൻ ഫീസ്, മുൻകൂർ തുക എന്നിവ ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരൻ എന്ന രീതിയിൽ ഇമെയിലുകൾ ലഭിക്കുകയായിരുന്നു.
തുടർന്ന് പരാതിക്കാരൻ ഒരു അക്കൗണ്ടിലേക്ക് 28,700 ദിർഹവും മറ്റൊരു അക്കൗണ്ടിലേക്ക് 140,000 ദിർഹവും കൈമാറി. പണം നഷ്ടപ്പെട്ട വിവരം പിന്നീട് തിരിച്ചറിഞ്ഞതിനെ തുടർന്ന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. തുടർന്ന് ക്രിമിനൽ കോടതി ഇവർക്ക് ഒരു വർഷത്തെ തടവും നാടുകടത്തലും ശിക്ഷ വിധിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഇമെയിൽ ചോർത്തിയാണ് തട്ടിപ്പുകാർ ബാങ്ക് ജീവനക്കാരായി ആൾമാറാട്ടം നടത്തിയതെന്ന് ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു. ഈ ക്രിമിനൽ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സിവിൽ കോടതിയും വിധി പുറപ്പെടുവിച്ചത്.
ന്യായമായ കാരണമില്ലാതെ മറ്റൊരാളുടെ സ്വത്ത് കൈക്കലാക്കാൻ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവർ അത് തിരികെ നൽകാൻ ബാധ്യസ്ഥരാണെന്നും സിവിൽ കോടതി വ്യക്തമാക്കി. അതേസമയം, പ്രതികൾ സംയുക്തമായി തുക നൽകണമെന്ന പരാതിക്കാരന്‍റെ ആവശ്യം കോടതി തള്ളി. പ്രതികൾ പരസ്പരം മറ്റേയാളുടെ അക്കൗണ്ടിലെ പണം സ്വീകരിച്ചിട്ടുണ്ടെന്നതിന് തെളിവില്ലാത്തതിനാലാണിത്. ഇതേതുടർന്ന് ഓരോ പ്രതിയും തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയ തുക വ്യക്തിഗതമായി തിരികെ നൽകാനും, ഒപ്പം കോടതി ചെലവുകളും നിയമപരമായ ഫീസുകളും നൽകാനും കോടതി ഉത്തരവിടുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

