കേടായ ജെറ്റ് സ്കീ വിൽപന; ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് കോടതി
text_fieldsഅബൂദബി: സാങ്കേതിക തകരാറുള്ള ജെറ്റ് സ്കീ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് അബൂദബി സിവിൽ ഫാമിലി കോടതി. വിൽപനക്കാരൻ ജെറ്റ് സ്കീയുടെ തുകയായ 55,000 ദിർഹവും 3,000 ദിർഹം നഷ്ടപരിഹാരവും ഉപഭോക്താവിന് നൽകണമെന്നാണ് കോടതി വിധിച്ചത്. ജെറ്റ് സ്കീ വാങ്ങിയ ശേഷം വെറും 14 മണിക്കൂര്‍ മാത്രമാണ് ഉപയോഗിച്ചത്. പുതിയതിനു സമാനമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു വില്‍പ്പനക്കാരന്‍ ജെറ്റ് സ്‌കീ പരാതിക്കാരന് കൈമാറിയിരുന്നത്. എന്നാല്‍ കടലില്‍ പരീക്ഷണയോടിക്കലില്‍ തന്നെ ജെറ്റ് സ്‌കീ തകരാറിലായി. ഇത് പരിഹരിക്കാനായി പ്രദേശത്തെ വര്‍ക് ഷോപ്പിലെത്തിച്ചപ്പോഴാണ് ജെറ്റ് സ്‌കീ 6987 മൈല്‍ ഓടിയിട്ടുള്ളതാണെന്നും വില്‍പ്പനക്കാരന്‍ പറഞ്ഞതു പോലെ 14 മണിക്കൂറല്ല 320 മണിക്കൂറാണ് അത് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും വ്യക്തമായത്.
വാഹനം പ്രവര്‍ത്തിച്ച മണിക്കൂറുകള്‍ പൂജ്യമാക്കി മാറ്റിയിരുന്നുവെന്നും വര്‍ക് ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. വില്‍പ്പനക്കാരൻ തകരാറുകള്‍ മറച്ചുവച്ചാണ് ഉത്പന്നം വിറ്റതെന്നും കോടതി കണ്ടെത്തി. തുടർന്ന് വാഹനത്തിന് ഈടാക്കിയ 55,000 ദിര്‍ഹവും നഷ്ടപരിഹാരമായി 3000 ദിര്‍ഹവും നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

