കോർപറേറ്റ് നികുതി ചില കമ്പനികൾക്ക് ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം
text_fieldsദുബൈ: ജൂൺ ഒന്നുമുതൽ നിലവിൽവരുന്ന കോർപറേറ്റ് നികുതിയിൽ യു.എ.ഇയിലെ ഒരു വിഭാഗം കമ്പനികൾക്ക് തിങ്കളാഴ്ച മുതൽ രജിസ്റ്റർ ചെയ്യാം. പബ്ലിക് ജോയന്റ് സ്റ്റോക്ക് കമ്പനികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും മേയ് 15 മുതൽ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യാമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ)യാണ് അറിയിച്ചത്. ഡിജിറ്റൽ നികുതി സേവന പ്ലാറ്റ്ഫോമായ ‘ഇമാറാടാക്സ്’ വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. എന്നാൽ, ഫ്രീ സോൺ കമ്പനികൾക്ക് നിലവിൽ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയില്ല. വലിയ കമ്പനികളുടെ ബിസിനസ് ലാഭത്തിന് ഒമ്പതു ശതമാനം കോർപറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു.എ.ഇ ധനകാര്യ മന്ത്രാലയം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 3,75,000 ദിർഹം വരെയുള്ള ലാഭത്തിന് നികുതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ, റിയൽ എസ്റ്റേറ്റ്, മറ്റു നിക്ഷേപങ്ങൾ എന്നിവയിൽനിന്നുള്ള വ്യക്തിഗത വരുമാനത്തിനും കോർപറേറ്റ് നികുതി ബാധകമല്ല. പാപ്പർ നടപടി ആരംഭിച്ചതോ പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതോ ആയ കമ്പനികൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ലൈസൻസുള്ളതോ അല്ലാത്തതോ ആയ ബിസിനസിൽ നിന്നോ മറ്റു വാണിജ്യപ്രവർത്തനങ്ങളിൽനിന്നോ അല്ലാതെ വ്യക്തികൾ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനോ നികുതിയുണ്ടാവില്ല. ആഗോളതലത്തിലെ മികച്ച രീതികൾ സംയോജിപ്പിക്കുന്നതിനായാണ് കോർപറേറ്റ് നികുതി വ്യവസ്ഥ രൂപപ്പെടുത്തിയത്. അന്താരാഷ്ട്രതലത്തിൽ സ്വീകാര്യമായ അക്കൗണ്ടിങ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയാറാക്കിയ സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ പ്രകാരമുള്ള ലാഭത്തിനാണ് കോർപറേറ്റ് നികുതി നൽകേണ്ടിവരുക.
എമിറേറ്റ് തലത്തിലുള്ള കോർപറേറ്റ് നികുതിക്കനുസരിച്ച് പ്രവർത്തിക്കുന്ന പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന സംവിധാനങ്ങൾക്കൊഴികെ, എല്ലാ ബിസിനസുകൾക്കും വാണിജ്യപ്രവർത്തനങ്ങൾക്കും ഒരുപോലെ നികുതി ബാധകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

