കോർപറേറ്റ് നികുതി ഇന്നു മുതൽ; ഇവ അറിഞ്ഞിരിക്കാം
text_fieldsയു.എ.ഇയിൽ കോർപറേറ്റ് നികുതി വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുകയാണ്. മലയാളികളുടെ അടക്കം നിരവധി സ്ഥാപനങ്ങൾക്ക് ബാധകമായിരിക്കുന്ന നികുതിയാണിത്. കമ്പനികളും വ്യക്തികളും നികുതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിശദാംശങ്ങൾ ഇവിടെ വിവരിക്കുകയാണ്. എന്നിരുന്നാലും, ചില നിയമങ്ങൾക്ക് കൂടുതൽ വിശദീകരണം ആവശ്യമായി വരും. കമ്പനികളും വ്യക്തികളും ആ വിഷയങ്ങളിൽ വിദഗ്ധരുമായി കൂടിയാലോചിക്കണം. കോർപറേറ്റ് നികുതിയെ കുറിച്ച് ഗ്ലോബൽ ചാർട്ടേഡ് അക്കൗണ്ടന്റ്സ് മാനേജിങ് പാർട്ണർ ഇ. ദുൽഖിഫിൽ വിവരിക്കുന്നു...
എന്താണ് കോർപറേറ്റ് നികുതി, എത്ര അടക്കണം ?
ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിന്‍റെ മത്സരക്ഷമത വർധിപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എ.ഇയിൽ ജൂൺ ഒന്ന് മുതൽ നടപ്പാക്കുന്ന പുതിയ നികുതിയാണ് കോർപറേറ്റ് നികുതി. 3,75,000 ദിർഹവും അതിനുമുകളിലും ലാഭമുള്ള കമ്പനികളാണ് ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതി അടക്കേണ്ടത്. 3.75 ലക്ഷം ദിർഹമിന് മുകളിൽ വരുന്ന അറ്റാദായത്തിന്‍റെ ഒമ്പത് ശതമാനമാണ് നികുതി അടക്കേണ്ടത്.
അഞ്ച് ലക്ഷം ദിർഹം ലാഭമുള്ള സ്ഥാപനമാണെങ്കിൽ 1.25 ലക്ഷം ദിർഹമിന്‍റെ ഒമ്പത് ശതമാനമാണ് നികുതി അടക്കേണ്ടത്. ഇതിനായി രജിസ്റ്റർ ചെയ്യണം. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോർപറേറ്റ് നികുതി നിരക്കുകളിൽ ഒന്നാണ് യു.എ.ഇയുടേത്. ചില രാജ്യങ്ങൾ 30 ശതമാനം വരെ കോർപ്പറേറ്റ് നികുതി ചുമത്തിയിട്ടുണ്ട്.
എപ്പോൾ രജിസ്റ്റർ ചെയ്യണം, നികുതി അടയ്ക്കണം ?
നികുതി വിധേയരായ എല്ലാ വ്യക്തികളും കോർപ്പറേറ്റ് ടാക്‌സിനായി രജിസ്റ്റർ ചെയ്യണം. ഫ്രീ സോണിൽ ഉൾപെടെ രജിസ്ട്രേഷൻ നിർബന്ധമാണ്. നിശ്ചിത കാലയളവ് അവസാനിച്ച് ഒമ്പത് മാസത്തിനുള്ളിൽ ഓരോ നികുതി കാലയളവിനും വ്യക്തികൾ നികുതി റിട്ടേൺ സമർപ്പിക്കണം. ‘ഇമാറാടാക്സ്’ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വ്യക്തികൾക്ക് രജിസ്ട്രേഷൻ ബാധകമാണോ ?
സ്ഥാപന ഉടമ എന്ന നിലയിൽ ഇത് വ്യക്തികൾക്കും ബാധകമാകും. ബിസിനസ്സ് അല്ലെങ്കിൽ ബിസിനസ് സംബന്ധമായ പ്രവർത്തന വരുമാനത്തിന് മാത്രമാണ് നികുതി ചുമത്തുന്നത്. തൊഴിൽ, നിക്ഷേപം, റിയൽ എസ്റ്റേറ്റ് എന്നിവയിൽ നിന്നുള്ള വരുമാനം കോർപ്പറേറ്റ് നികുതിക്ക് വിധേയമല്ല. ബിസിനസ് നടത്തുന്ന വ്യക്തികൾ ഒരു കലണ്ടർ വർഷത്തിൽ അവരുടെ വിറ്റുവരവ് 10 ലക്ഷം ദിർഹം കവിഞ്ഞാൽ മാത്രമേ കോർപ്പറേറ്റ് നികുതിയും രജിസ്ട്രേഷനും വിധേയമാകൂ.
ഇളവ് ആർക്കൊക്കെ ?
നികുതി കാലയളവിലെയും മുൻ നികുതി കാലയളവിലെയും വരുമാനം 30 ലക്ഷം ദിർഹമിൽ താഴെയാണെങ്കിൽ ചെറുകിട ബിസിനസ്സ് റിലീഫിന് അർഹതയുണ്ട്. 2023 ജൂൺ ഒന്ന് മുതൽ 2026 ഡിസംബർ 31 വരെ ഓരോ വർഷവും ഇവർക്ക് നികുതി ഇളവ് ലഭിക്കും. എന്നാൽ, ഇവരും രജിസ്റ്റർ ചെയ്യണം. വരുമാനം 30 ലക്ഷത്തിൽ കൂടുകയും ലാഭം 3.75 ലക്ഷം ദിർഹമിൽ കൂടുകയും ചെയ്താൽ നികുതി അടക്കണം. സർക്കാർ, അർധ സർക്കാർ അല്ലെങ്കിൽ സ്വകാര്യ മേഖലകളിലെ ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിനോ തൊഴിലിൽ നിന്നുള്ള മറ്റ് വ്യക്തിഗത വരുമാനത്തിനോ കോർപ്പറേറ്റ് നികുതി ബാധകമല്ല. ബാങ്ക് നിക്ഷേപങ്ങളിൽ നിന്നോ സേവിംഗ്സ് പ്രോഗ്രാമുകളിൽ നിന്നോ ലഭിക്കുന്ന പലിശയും മറ്റ് വ്യക്തിഗത വരുമാനങ്ങളും നികുതി പരിധിയിൽ വരില്ല.
പാപ്പർ നടപടി ആരംഭിച്ചതോ പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതോ ആയ കമ്പനികൾക്കും നികുതി ഇളവുണ്ട്. പാപ്പർ അല്ലെങ്കിൽ അവസാനിപ്പിക്കൽ നടപടി ആരംഭിച്ച് 20 ദിവസത്തിനകം ഫെഡറൽ ടാക്സ് അതോറ്റി (എഫ്.ടി.എ)ക്ക് വിവരം കൈമാറണം. നികുതി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 20 ദിവസത്തിനകം എഫ്.ടി.എക്ക് അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷയിൽ നികുതി ഇളവ് വ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെടാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കണം. ഇതു പരിശോധിച്ചാണ് ഇളവ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

