കോർപറേറ്റ് നികുതി നാളെ മുതൽ പ്രാബല്യത്തിൽ
text_fieldsദുബൈ: യു.എ.ഇയിൽ പുതുതായി പ്രഖ്യാപിച്ച ഒമ്പത് ശതമാനം കോർപറേറ്റ് നികുതി വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ. 3.75 ലക്ഷം ദിർഹമിൽ കൂടുതൽ വാർഷിക ലാഭമുള്ള കമ്പനികളാണ് നികുതി അടക്കേണ്ടത്. ഫ്രീസോൺ സ്ഥാപനങ്ങൾക്ക് ബാധകമല്ല. മലയാളികളുടെതടക്കം നിരവധി സ്ഥാപനങ്ങൾക്ക് ബാധകമാണ് കോർപറേറ്റ് നികുതി. കഴിഞ്ഞ വർഷമാണ് യു.എ.ഇ ധനമന്ത്രാലയം കോർപറേറ്റ് നികുതി പ്രഖ്യാപിച്ചത്. -
ഇതിന്റെ രജിസ്ട്രേഷനും നേരത്തേ തുടങ്ങിയിരുന്നു. ചെറുകിട ബിസിനസുകളെയും സ്റ്റാർട്ടപ്പുകളെയും സഹായിക്കുന്നതിനാണ് 3.75 ലക്ഷം ദിർഹമിൽ കുറവ് ലാഭമുള്ള കമ്പനികളെ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയത്. 3.75 ലക്ഷം ദിർഹമിനു മുകളിൽവരുന്ന അറ്റാദായത്തിന്റെ ഒമ്പത് ശതമാനമാണ് നികുതിയടക്കേണ്ടത്.
അഞ്ചു ലക്ഷം ദിർഹം ലാഭമുള്ള സ്ഥാപനമാണെങ്കിൽ 1.25 ലക്ഷം ദിർഹമിന്റെ ഒമ്പത് ശതമാനമാണ് നികുതി അടക്കേണ്ടത്. പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കൽ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, നിക്ഷേപ ഫണ്ടുകൾ, പൊതു ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്കാണ് ഇളവുള്ളത്. സർക്കാർ, അർധ സർക്കാർ അല്ലെങ്കിൽ സ്വകാര്യ മേഖലകളിലെ ജോലിയിൽനിന്ന് ലഭിക്കുന്ന ശമ്പളത്തിനോ തൊഴിലിൽനിന്നുള്ള മറ്റു വ്യക്തിഗത വരുമാനത്തിനോ കോർപറേറ്റ് നികുതി ബാധകമല്ല.
ബാങ്ക് നിക്ഷേപങ്ങളിൽനിന്നോ സേവിങ്സ് പ്രോഗ്രാമുകളിൽ നിന്നോ ലഭിക്കുന്ന പലിശയും മറ്റ് വ്യക്തിഗത വരുമാനങ്ങളും നികുതി പരിധിയിൽ വരില്ല. വ്യക്തിഗതമായ നിലയിൽ നടത്തുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപവും നികുതിക്ക് കാരണമാകില്ല. സ്ഥാപനങ്ങൾ കോർപറേറ്റ് ടാക്സിൽ രജിസ്റ്റർ ചെയ്യണം. ഫ്രീസോൺ കമ്പനികൾക്ക് നികുതി ബാധകമല്ലെങ്കിലും രജിസ്റ്റർ ചെയ്യണം. ഫ്രീസോൺ സ്ഥാപനങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ ഈ സ്ഥാപനം പൂർണമായും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം.
ഇത് പരിശോധിച്ച ശേഷമായിരിക്കും ഫ്രീ സോണുകൾക്ക് ഇളവ് നൽകുക. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളുള്ള ഗ്രൂപ്പുകൾക്ക് നികുതിക്ക് കീഴിൽ ഒരുമിച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കും. ചില കമ്പനികൾക്ക് ‘ഇമാറാടാക്സ്’ പ്ലാറ്റ്ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നതിന് ഫെഡറൽ ടാക്സ് അതോറിറ്റി നിർദേശം നൽകിയിരുന്നു.
അതേസമയം, കോർപറേറ്റ് നികുതി വ്യവസ്ഥയിൽ പുതിയ ഇളവുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാപ്പർ നടപടി ആരംഭിച്ചതോ പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതോ ആയ കമ്പനികൾക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പാപ്പർ അല്ലെങ്കിൽ അവസാനിപ്പിക്കൽ നടപടി ആരംഭിച്ച് 20 ദിവസത്തിനകം ഫെഡറൽ ടാക്സ് അതോറിറ്റിക്ക് (എഫ്.ടി.എ) വിവരം കൈമാറണം.
നികുതി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 20 ദിവസത്തിനകം എഫ്.ടി.എക്ക് അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷയിൽ നികുതി ഇളവ് വ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെടാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കണം. ഇതു പരിശോധിച്ചാണ് ഇളവ് നൽകുന്നത്. ആഗോള സാമ്പത്തിക രംഗത്ത് മത്സരക്ഷമത വർധിപ്പിക്കാന് ലക്ഷ്യമിട്ടാണ് പുതിയ നികുതി രൂപപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

