കൊറോണ വൈറസ് : ലോകജനതക്കൊപ്പം യു.എ.ഇയും ശക്തമായ പോരാട്ടത്തിൽ –പ്രസിഡൻറ് ശൈഖ് ഖലീഫ
text_fieldsഅബൂദബി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക ജനതക്കൊപ്പം യു.എ.ഇയും ശക്തമായ പോരാട്ടത്തിലാണെന്ന് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. രാജ്യത്തെ സായുധസേനയും സിവിൽ ഡിഫൻസ് ടീമുകളും മെഡിക്കൽ പ്രഫഷനലുകളും കോവിഡ് രോഗത്തെ ചെറുക്കാൻ നടത്തുന്ന ശ്രമങ്ങളെ അേദ്ദഹം പ്രത്യേകം പ്രശംസിച്ചു. യു.എ.ഇ സായുധസേനയുടെ 44ാമത് ഏകീകരണദിനത്തിൽ പൗരന്മാർക്കും താമസക്കാർക്കുമായി പുറപ്പെടുവിച്ച പ്രത്യേക സന്ദേശത്തിലാണ് ശൈഖ് ഖലീഫ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ്-19 വ്യാപനം മൂലം രാജ്യത്തെ സാമ്പത്തിക മേഖലയിൽ വലിയ നഷ്ടം ഉണ്ടായിട്ടും യു.എ.ഇ ലോക രാജ്യങ്ങളെ കോവിഡ് പോരാട്ടത്തിൽ സഹായിക്കാനും പരമാവധി പേർക്ക് വൈദ്യസഹായ സൗകര്യങ്ങളൊരുക്കാനും മുൻപന്തിയിലാണ്. യു.എ.ഇയുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വെളിപ്പെടുത്തുന്ന മികച്ച പ്രകടനം നടത്താനും കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങളെയും പ്രതിസന്ധികളെയും പരിഹരിക്കാനുള്ള സന്നദ്ധതയും താൽപര്യവും രാജ്യത്ത് അധിവസിക്കുന്ന വിദേശികളും സ്വദേശികളും കാഴ്ചവെച്ചു. വെല്ലുവിളി നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ കോവിഡ് രോഗത്താൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്കായി പ്രാർഥിക്കുകയും അവരോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പകർച്ചവ്യാധിമൂലം ബുദ്ധിമുട്ടുന്ന എല്ലാവർക്കും സന്തോഷവും ആഹ്ലാദവുമായ ഭാവി വീണ്ടെടുക്കാനാകട്ടേയെന്ന് പ്രാർഥിക്കുന്നു. എല്ലാവരുടെയും സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാൻ അശ്രാന്തമായി പരിശ്രമിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ശൈഖ് ഖലീഫ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
കോവിഡ് രോഗത്തിൽനിന്ന് എല്ലാവർക്കും സംരക്ഷണം കോവിഡ് രോഗത്തിൽനിന്ന് രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും രാജ്യത്തുള്ള സന്ദർശകർക്കും ആവശ്യമായ പരിചരണവും പരിരക്ഷയും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ വലിയ മുന്നേറ്റമാണ് ഇതിനകം നടത്തിയത്. രാജ്യത്തെ മെഡിക്കൽ, ആരോഗ്യപരിപാലന സേവന ടീമുകൾ, വിദ്യാഭ്യാസ മേഖലയിലെ ടീമുകൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ലോകം കണ്ട കോവിഡ് പ്രതിരോധനടപടികൾ രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വെളിപ്പെടുത്തി. വിദൂരപഠന സംവിധാനങ്ങൾ മികച്ച നിലയിൽ രാജ്യത്തെ എല്ലാ മേഖലകളിലും നടപ്പാക്കി. വിദൂര ജോലികളിലൂടെ ഉൽപാദനവും സേവനങ്ങളും തുടരുന്നു. ചില മേഖലകളിൽ സാമ്പത്തിക നഷ്ടവും പോരായ്മകളും ഉണ്ടായിട്ടുണ്ടെങ്കിലും വലിയ ആഘാതവും പ്രതിസന്ധിയും ഇല്ലാതെ പ്രശ്ന പരിഹാരത്തിനുള്ള തീവ്രശ്രമങ്ങളാണ് ദിനംപ്രതി നടക്കുന്നത്.
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രതിരോധ സേന പ്രതിജ്ഞാബദ്ധം
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനും ഭദ്രമാക്കുന്നതിനുമായി പ്രതിരോധസേനാംഗങ്ങൾ അവരുടെ കടമകളും ഉത്തരവാദിത്തവും നിർവഹിച്ചതിന് അഭിനന്ദനം അറിയിക്കുന്നതായും ശൈഖ് ഖലീഫ പറഞ്ഞു. സായുധസേനയുടെ സൈനികശേഷിയുടെ നവീകരണത്തിനും വികസനത്തിനും മേൽനോട്ടം വഹിക്കുന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്കും സുപ്രീം കൗൺസിൽ അംഗങ്ങൾക്കും വിവിധ എമിറേറ്റ്സ് ഭരണാധികാരികൾക്കും ഈ സന്തോഷദിനത്തിൽ പ്രത്യേകം ആശംസനേരുന്നു. സൈനികർ രാജ്യത്തിെൻറ അഭിമാനം
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറയും മറ്റു പിതാമഹന്മാരുടെയും ഊർജവും മാതൃകയുമാണ് സായുധ സേനയുടെ ഏകീകരണത്തിനു പിന്നിലെ ശക്തി. രാഷ്ട്രനേതാക്കളുടെയും രാജ്യത്തിെൻറ ഐക്യത്തിനും അഖണ്ഡതക്കും സുരക്ഷക്കുമായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെയും ആത്മാവിനോട് കരുണ കാണിക്കാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നതായും ശൈഖ് ഖലീഫയുടെ സന്ദേശത്തിൽ പറയുന്നു.
ഐക്യസേനാ പ്രവർത്തനത്തിനുശേഷം യമനിൽനിന്ന് മടങ്ങിയെത്തിയ യു.എ.ഇയുടെ വീരപുത്രന്മാർക്ക് സായുധസേനയുടെ ഏകീകരണത്തിെൻറ വാർഷികത്തിൽ സാഭിമാനം അഭിവാദ്യം അർപ്പിക്കുന്നു.
രാജ്യത്തിെൻറ അഭിമാനം, സുരക്ഷ, അന്തസ്സ് എന്നിവ കാത്തുസൂക്ഷിക്കുന്നതിലും അറബ് സഖ്യത്തിെൻറ പ്രധാന ദൗത്യങ്ങളുടെ വിജയത്തിനായി കർമനിരതരായി പ്രവർത്തിക്കുകയും ചെയ്ത സൈനികർ രാജ്യത്തെ ഓരോ വ്യക്തികൾക്കും പ്രിയപ്പെട്ടവരാണ്.യു.എ.ഇ സുപ്രീം കൗൺസിൽ അംഗങ്ങളും എമിറേറ്റ്സ് ഭരണാധികാരികളും ധീരരായ സായുധസേന, പൊലീസ്, സിവിൽ ഡിഫൻസ് സംഘങ്ങളും രാജ്യത്തിെൻറ സുരക്ഷ, പ്രതിരോധം എന്നിവക്കായി നടപ്പാക്കുന്ന പ്രവർത്തനങ്ങളെ ഏറ്റവുമധികം വിലമതിക്കുന്നു. രാജ്യസുരക്ഷാസേവനങ്ങളിലുള്ള സജീവ പങ്കാളിത്തം വിലമതിക്കുന്നതുപോലെയാണ് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ രാജ്യം നടപ്പാക്കിയ നടപടികളും അതിനായി പ്രവർത്തിക്കുന്ന ആതുരസേനാ രംഗത്തെയും മറ്റും ജീവനക്കാർ. ഏകീകൃത സായുധസേന സ്ഥാപിക്കുന്നതിന് സംഭാവന നൽകിയ പൂർവ പിതാക്കന്മാരോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. സായുധസേനയുടെ കഴിവുകൾ ഊ ട്ടിയുറപ്പിക്കുന്നതിന് അവരുടെ പാരമ്പര്യവും നിശ്ചയദാർഢ്യവും ഫെഡറൽ ഗവൺമെൻറിെൻറ ഊർജവും ശക്തിയുമായിരുന്നു. രാജ്യത്തെ പൗരന്മാർ, ഉദ്യോഗസ്ഥർ, സൈനികർ എന്നിവരുടെ സേവനങ്ങളിൽ അഭിമാനിക്കുന്നു. നിങ്ങളുടെ സേവനസന്നദ്ധതക്ക് രാജ്യത്തിെൻറ തുടർച്ചയായ പിന്തുണ ഉറപ്പുനൽകുന്നതായും സൈനിക ഏകീകരണത്തിനു വഴിയൊരുക്കിയ മഹത്തായ ദിനം ഓർക്കുമ്പോൾ ആഗോള സമൂഹം നേരിടുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിക്കാൻ ഒത്തൊരുമിച്ച് പരിശ്രമിക്കുന്നത് തുടരണമെന്നും യു.എ.ഇ പ്രസിഡൻറ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
