കൊറോണ: പുതിയ മാർഗനിർദേശങ്ങൾ: ദുബൈയിൽ താപനില പരിശോധന നിർത്തലാക്കുന്നു
text_fieldsദുബൈ: കോവിഡ് വ്യാപനം തടയുന്നതിനായി നാളിതുവരെ തുടർന്നുവന്നിരുന്ന മാനദണ്ഡങ്ങൾ പുതുവർഷത്തിൽ ദുബൈ എക്കോണമി പുതുക്കുന്നു. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ സ്ഥാപനങ്ങളുടെയും ബിസിനസ് കേന്ദ്രങ്ങളുടെയും കവാടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന തെർമൽ സ്കാനിങ് സംവിധാനം ഇനി തുടരേണ്ടതില്ലെന്ന് ദുബൈ എക്കണോമി ബുധനാഴ്ച അറിയിച്ചു. വാലറ്റ് പാർക്കിങ് സംബന്ധിച്ചും പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇനിമുതൽ വാലറ്റ് പാർക്കിങ്ങിനായി വാഹനം കൈമാറുമ്പോൾ സ്റ്റിയറിങ് വീലിലും മുൻസീറ്റിലും പ്ലാസ്റ്റിക് ഷീറ്റുകൾ മൂടേണ്ടതില്ലെന്നും ഏറ്റവും പുതിയ നിർദേശങ്ങളടങ്ങിയ ട്വീറ്റിൽ ദുബൈ എക്കോണമി വ്യക്തമാക്കി. പുതിയ നിർദേശങ്ങൾ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതോടെ ഷോപ്പിങ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും കവാടങ്ങളിൽ സ്ഥാപിച്ച തെർമൽ സ്കാനിങ് പോയൻറുകൾ ഇല്ലാതാവും.
ദുബൈയിലെ വ്യാപാര സ്ഥാപനങ്ങളും ബിസിനസ് കമ്യൂണിറ്റികളും കർശനമായ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അതിജാഗ്രത പുലർത്തുകയാണെന്ന് അഭിപ്രായപ്പെട്ട ദുബൈ എക്കണോമി, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിയമലംഘനത്തിന് ഒരു പിഴ പോലും ചുമത്തേണ്ടി വന്നിട്ടില്ലെന്നും കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടി. 449 ബിസിനസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാവരും സുരക്ഷിത മാർഗങ്ങൾ പിന്തുടരുന്നതായി കണ്ടെത്തി. ചൊവ്വാഴ്ച പരിശോധിച്ച 455 ബിസിനസുകളും ചട്ടങ്ങൾ പാലിക്കുന്നതായും കണ്ടെത്തി. എങ്കിലും ചില ബിസിനസ് ഔട്ലെറ്റുകൾക്ക് മുന്നറിയിപ്പ് നൽകിയതായും എക്കോണമി വ്യക്തമാക്കി.
പുതുവർഷാഘോഷ വേളയിൽ കോവിഡിനെതിരായ എല്ലാ മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്ന് ദുബൈ എക്കണോമി ദുബൈയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും അഭ്യർഥിച്ചു. ഫേസ് മാസ്ക്കുകൾ ധരിക്കുക, ശാരീരിക അകലം പാലിക്കുക, സാനിറ്റൈസേഷൻ പ്രോട്ടോകോളുകൾ പിന്തുടരുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങളായി എക്കോണമി നിർദേശിച്ചിട്ടുള്ളത്.
മാളുകളിൽ നിന്ന് തെർമൽ സ്കാനറുകൾ നീക്കം ചെയ്യാനുള്ള തീരുമാനത്തെ ഡോക്ടർമാരും അഭിനന്ദിച്ചു. സമൂഹത്തിൽ വലിയ ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടിയാണിതെന്ന് പലരും പ്രശംസിച്ചു. തെർമൽ സ്കാനറുകളിലൂടെയോ സെൻസറുകളിലൂടെയോ ശരീരത്തിലെ താപനില കണ്ടെത്തുന്നത് പൂർണമായും സഹായിച്ചില്ലെന്നും തെർമൽ സ്കാനറുകൾ ആളുകളിൽ നിന്നുള്ള താപോർജത്തെ ആഗിരണം ചെയ്യുകയായിരുെന്നന്നും ഒരു ഡോക്ടർ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള അസുഖം കാരണം താപനില ഉയരാം. സർക്കാർ വളരെ യുക്തിപൂർവം പ്രവർത്തിക്കുന്നുണ്ടെന്നും ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആത്യന്തികമായി എല്ലാവരും ഉത്തരവാദിത്തമുള്ളവരായിരിക്കണം, ഒപ്പം സാമൂഹിക അകലം പാലിക്കൽ തുടരുകയും ശരിയായ രീതിയിൽ മാസ്ക് ധരിക്കുകയും പതിവായി കൈകഴുകുകയും സാനിറ്റൈസറുകൾ ഉപയോഗിക്കുകയും വേണം. എല്ലാവരും പിന്തുടരുന്ന ഈ പ്രോട്ടോകോളുകളാണ് സമൂഹത്തെ പരിരക്ഷിക്കുന്നതെന്നും ഡോക്ടർ വിശദീകരിച്ചു.