വടക്കന്‍ കാറ്റിളകി; രാജ്യത്ത് തണുപ്പ് കൂടി
text_fieldsഷാര്‍ജ: ശമാല്‍ എന്ന് അറബിയില്‍ അറിയപ്പെടുന്ന വടക്കന്‍ കാറ്റ് യു.എ.ഇയില്‍ ശക്തമായി. വെള്ളി,ശനി ദിവസങ്ങളില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. കാറ്റില്‍ പൊടിപടലങ്ങള്‍ നിറഞ്ഞത് കാരണം നിരത്തുകളില്‍ ജനസഞ്ചാരം കുറഞ്ഞു. പലയിടങ്ങളിലും രണ്ടു കിലോമീറ്റര്‍ പരിധിയില്‍ കാഴ്ചാ ദൂരം കുറഞ്ഞതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും മുന്നറിയിപ്പും പുറപ്പെടുവിച്ചു.
മൂടല്‍ മഞ്ഞും കാറ്റും കനത്തതോടെ താപനിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ദുബൈ ബുര്‍ജ് ഖലീഫയില്‍ 15.1 ഡിഗ്രി, അബൂദബിയില്‍ 20.8 ഡിഗ്രി, അല്‍ ഐനിലും അജ്മാനിലും 22.6 ഡിഗ്രി, ഉമ്മുല്‍ ഖുവൈനില്‍ 21.6 ഡിഗ്രി, റാസല്‍ ഖൈമയില്‍ 22 ഡിഗ്രി, ഫുജൈറയില്‍ 22.9 ഡ്രിഗ്രി എന്നിങ്ങനെയായിരുന്നു താപനില. രാജ്യത്തെ ഉയരമേറിയ കുന്നുകളിലൊന്നായ റാസല്‍ ഖൈമയിലെ ജബല്‍ അല്‍ ജൈസില്‍ 4.6 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
യു.എ.ഇയുടെ തീരമേഖലകളില്‍ കാറ്റ് ശക്തിപ്പെട്ടതോടെ കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ ശക്തിയില്‍ വീശിയ കാറ്റിനിടെ 19 അടിയോളം ഉയരത്തില്‍ കൂറ്റന്‍ തിരകളാണ് തീരത്തേക്കടിക്കുന്നത്. കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഷാര്‍ജയുടെ ഫിഷ്ത് കടലോരങ്ങളിലാണ് തിരകള്‍ ശക്തം. ഈ ഭാഗത്ത് പൊലീസ് നിരീക്ഷണമുണ്ട്. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ ഭാഗങ്ങളില്‍ കടല്‍ വെള്ളം ചെറിയ തോതില്‍ റോഡിലേക്ക് കയറി. ഫിഷ്ത് കടലോരത്ത് നിര്‍മാണങ്ങള്‍ നടക്കുന്നതിനാല്‍ അജ്മാനോട് തൊട്ട് കിടക്കുന്ന ഭാഗത്ത് കടലില്‍ ഇറങ്ങുന്നത് ഷാര്‍ജ പൊലീസ് ശക്തമായി വിലക്കിയിട്ടുണ്ട്. ഷാര്‍ജയിലെ അപകട തീരമെന്ന് അറിയപ്പെടുന്ന അല്‍ഖാന്‍ മേഖലയില്‍ ആരും കടലില്‍ ഇറങ്ങാന്‍ സാഹസപ്പെടരുത്. ശക്തമായി അടിയൊഴുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പലഭാഗത്തും ബോര്‍ഡുകളും കമാനങ്ങളും കാറ്റില്‍ നിലം പൊത്തി. അന്തരീക്ഷമാകെ പൊടിപടലങ്ങള്‍ നിറഞ്ഞത് കാരണം അലര്‍ജി പോലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. വടക്കന്‍ കാറ്റിന്‍െറ കൂടെ മഴകാണുമെന്ന പ്രതീക്ഷയുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ അന്തരീക്ഷം മേഘാവൃതമായിരുന്നെങ്കിലും മഴ കനിഞ്ഞില്ല. കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. മത്സ്യബന്ധനമേഖലയെ കാറ്റ് ശക്തമായി ബാധിച്ചു. ഒമാന്‍ തീരത്ത് കാറ്റ് ശക്തമായി തുടരുന്നത് യു.എ.ഇയിലേക്കുള്ള മീന്‍ വരവില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ മീന്‍ വില കുതിച്ചുയരും. വടക്കന്‍ എമിറേറ്റുകളിലെ മരുഭൂമികളിലൂടെ കടന്ന് പോകുന്ന റോഡുകളില്‍ മണല്‍ അടിഞ്ഞ് കൂടിയത് ഗതാഗതത്തെ ചെറിയ തോതില്‍ ബാധിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ഉമ്മുല്‍ഖുവൈന്‍ ഭാഗത്തേക്ക് പോകുന്ന എമിറേറ്റ്സ് റോഡ് ഭാഗികമായി മണ്ണ് നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
